രഹസ്യരേഖകള്‍ വാട്‌സ്‌ആപ്പിലൂടെ സ്വപ്നക്ക് കൈമാറി; ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി
പല രഹസ്യരേഖകളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്ന സുരേഷിന് വാട്‌സ്‌ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍വ്യക്തമാക്കിയത്.
ഇതിനെത്തുടര്‍ന്ന് ശിവശങ്കരന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ആറ് ദിവസത്തേക്ക് കൂടിയാണ് ഇഡിയുടെ കസ്റ്റഡിയില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. ഒരാഴ്ചത്തെ സമയമാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും വിവരങ്ങള്‍ തേടാനുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.
ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. കൂടാതെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അടുത്ത ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതുവരെ കസ്റ്റഡിനീട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.
കസ്റ്റഡിയില്‍ ലഭിച്ച് ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡികാലാവധി നീട്ടിയ സാഹചര്യത്തില്‍ ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസുമായി ബന്ധമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.