ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ നടപടി കടുപ്പിച്ചു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി). എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ ബിനീഷിന്റെ കസ്റ്റഡിക്കായി എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും ലഹരി വ്യാപാരം നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ബെംഗളൂരു സോണല്‍ ഓഫീസിലെത്തി വാങ്ങിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ബിനീഷിന് അനൂപുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മരുതംകുഴിയില വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിരുന്നു. തെരച്ചിലിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബം വാദിച്ചെങ്കിലും കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി ഇഡി കോടതിയില്‍ പറഞ്ഞു. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി.കോടതിയെ അറിയിച്ചു.
നഗരത്തിലെ പല സ്ഥലങ്ങളിലും ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അനൂപിനെ മുന്‍ നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയിട്ടുള്ളതെന്നാണ് നിഗമനം. പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി.അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്.
അതേസമയം, ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇ.ഡി.ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.