ദൃശ്യം 2 ഷൂട്ടിങ് പാക്കപ്പ് ആയശേഷം ധൃതിപിടിച്ചു, അതും ഈ കോവിഡ് കാലത്തു മോഹന്‍ലാല്‍ ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ പോയത് പലരിലും അമ്പരപ്പ് ഉളവാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ആ ദുബായ് യാത്രയ്ക്ക് പിന്നില്‍ കാര്യമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. അഞ്ചുമാസത്തിനപ്പുറം നടക്കുന്ന അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ടീമിനു സാധ്യത തെളിഞ്ഞതോടെ അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ് . കേരളം ആസ്ഥാനമാക്കി മോഹന്‍ലാല്‍ ഐപിഎല്‍ ടീമിനു ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ ബൈജൂസ് അപ്പിന്റെ ഉടമ ബൈജുവുമായി ചേര്‍ന്ന് ഐപിഎല്‍ ടീം രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐ ഭരണസമിതിയും ഐപിഎല്‍ ഭാരവാഹികളും ഐപിഎല്‍ ഫൈനല്‍ ദിവസം മുംബൈയില്‍ ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് മോഹന്‍ലാല്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ ദുബായില്‍ എത്തിയത്. പുതിയ ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു ഇതെന്നും സൂചനയുണ്ട്. ഏഷ്യാനെറ്റിന്റേയും സ്റ്റാര്‍ ഇന്ത്യയുടെയും മേധാവിയായ മാധവനും ദുബായില്‍ ഉണ്ടായിരുന്നു.
ഐപിഎല്‍ ഫൈനലിന് പിന്നാലെയാണ് അടുത്ത സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസി കൂടി വന്നേക്കും എന്ന് ബിസിസിഐ സൂചന നല്‍കിയത്. 2021 സീസണിന് മുന്‍പ് മെഗാ താര ലേലത്തിന് ഒരുങ്ങാനും ഫ്രാഞ്ചൈസികളോട് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ എട്ടു ടീമുകളാണ് ഐപിഎലില്‍ മാറ്റുരയ്ക്കുന്നത്. ഇവര്‍ക്കു പുറമെ ഒന്നോ രണ്ടോ ടീമിനെക്കൂടി അവതരിപ്പിക്കാനാണ് നീക്കം.
അതേസമയം, വന്‍ വ്യവസായി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഉടമസ്ഥതയില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയൊരു ടീമാണ് പരിഗണനയിലുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പണികഴിപ്പിച്ച മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്.
കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഐപിഎലിലേക്ക് പുതിയ ടീമിനെ അവതരിപ്പിക്കാനുള്ള ബിസിസിഐ നീക്കം. കൊച്ചി ടസ്‌കേഴ്‌സിന്റെ ഒഴിവിലേക്ക് കേരളം ആസ്ഥാനമായി ഒരു ടീം വേണമെന്ന് നേരത്തെ മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നു. കൊച്ചിയും തിരുവനന്തപുരം നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയാണ്. ഇവിടങ്ങളിലെ മത്സരങ്ങളിലെ ജനബാഹുല്യവും മലയാളികളുടെ ക്രിക്കറ്റ് ആരാധനയും, പുതിയ പ്രതിഭകളും ഒക്കെ സ്വന്തമായി ഒരു ടീമെന്ന ആവശ്യകതയ്ക്കു ബലമേകുകയാണ്.
ഏതായാലും മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.