കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍. താന്‍ ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റാണ്. കുറ്റകൃത്യമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. ഇഡി നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും ശിവശങ്കര്‍ പറഞ്ഞു.
താന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേയിലക്ക് നയിച്ചതെന്നും ശിവശങ്കര്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വര്‍ണകടത്ത് കേസില്‍ ശിവശങ്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. ഈ രണ്ട് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടാല്‍ ശിവശങ്കറിനെതിരെ അറസ്റ്റ് നടപടിയിലേക്ക് പോകാന്‍ കസ്റ്റംസിന് സാധിക്കും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിന് ജാമ്യം ലഭിച്ചാലും വീണ്ടും അറസ്റ്റിലേക്ക് കടക്കാനാണ് സാധ്യത.
നിലവില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇഡി റിമാന്‍ഡിലുള്ള ശിവശങ്കരനെ ചോദ്യം ചെയ്യാനായി ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ എത്തി നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. നയതന്ത്ര ബാഗ് വിട്ടുനല്‍കാനായി ശിവശങ്കര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ചും കസ്റ്റംസ് ചോദിച്ചറിയും.
അതേസമയം, താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മീഷണറെയാണെന്നാണ് ശിവശങ്കര്‍ നേരത്തെ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോ കസ്റ്റംസോ തയ്യാറായിട്ടില്ല. ഇന്നത്തെ ചോദ്യം ചെയ്യല്‍ ശിവശങ്കറിന് നിര്‍ണായകമാണ്.