ലണ്ടന്‍ : ബ്രിട്ടണില്‍ ഫിസര്‍ കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തി. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു.
സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് മാര്‍ഗരറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു മാര്‍ഗരറ്റിന് തൊണ്ണൂറ് വയസ് പൂര്‍ത്തിയായത്. ആദ്യത്തെ വാക്‌സിന്‍ സ്വീകരിക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ എത്തിയിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന് തയാറെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു. ഓരോ വ്യക്തിക്കും രണ്ട് ഡോസ് വീതമാണ് വാക്‌സിന്‍ വേണ്ടിവരിക. 21 ദിവസത്തെ ഇടവേളയില്‍ നല്‍കേണ്ട വാക്സിന്റെ രണ്ടാമത്തേത് ബൂസ്റ്റര്‍ ഡോസാണ്. വര്‍ഷാന്ത്യത്തോടെ മില്ല്യണ്‍ കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും.
ബെല്‍ജിയത്തിലെ പര്‍സിലുള്ള ഫിസര്‍ ഫാക്ടറിയില്‍ നിന്നാണ് ഉടന്‍ സ്യൂട്ട്‌കെയ്‌സ് വലുപ്പത്തിലുള്ള സ്‌പെഷ്യലിസ്റ്റ് കണ്ടെയ്‌നറുകളില്‍ വാക്‌സിന്‍ പുറത്തിറങ്ങുക. -70 സെല്‍ഷ്യസില്‍, അള്‍ട്രാ-ലോ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്നതിനാല്‍ ഡ്രൈ ഐസിലാണ് പാക്ക് ചെയ്യുക.
കെയര്‍ ഹോം അന്തേവാസികള്‍ക്കും, സ്റ്റാഫിനും ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റിന് എത്തുന്ന പ്രായമായ രോഗികള്‍ക്കും ഉടനെ വാക്‌സിന്‍ ലഭിക്കും.