നീണ്ട 28 വര്‍ഷത്തിനുശേഷം സിസ്റ്റര്‍ അഭയ കേസിന്റെ വിധി വരുന്നു. ഈ മാസം 22ന് സി.ബി.ഐ കോടതി വിധി പറയും. വിചാരണ പൂര്‍ത്തിയായി. കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.
അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ഫാ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നുമാണ് ഫാ കോട്ടൂര്‍ വാദിച്ചത്. അഭയ കൊല്ലപ്പെട്ടതാണെങ്കിലും താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
കേസിലെ മറ്റൊരു പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മറുപടി പറഞ്ഞു.
പ്രതികളായ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള വഴിവിട്ട ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2008ല്‍ സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. രമയുടേയും പ്രിന്‍സിപ്പാള്‍ ഡോ. ലളിതാംബിക കരുണാകരന്റേയും മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ സംഘം പല തവണ മാറിയ കേസില്‍ പല തെളിവുകളും ലോക്കല്‍പോലീസും ക്രൈം ബ്രാഞ്ചും നശിപ്പിച്ചതായി സിബിഐ കോടതിയില്‍ പറഞ്ഞു.
വിചാരണ വേളയില്‍ പല സാക്ഷികളും കൂറ് മാറിയിരുന്നു. 2009- ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവെയ്ക്കുകയായിരുന്നു. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍ , ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിള്‍ എന്നിവരെ നേരത്തെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു.
1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി ആത്മഹത്യയായി അവസാനിപ്പിച്ച കേസ് 1993 ലാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്.