വാഷിംഗ്ടണ്‍ : 'ലോക പോലീസ്', 'ലോകത്തെ ജനാധിപത്യത്തിന്റെ കാവലാള്‍' എന്നൊക്കെ മേനി നടിക്കുന്ന അമേരിക്കയുടെ ശിരസ്സ് ലോകത്തിനു മുന്നില്‍ കുനിഞ്ഞ ദിനമായിരുന്നു ഇന്ന്. ജനാധിപത്യത്തെ വെല്ലുവിളിച്ചു സേച്ഛാധിപത്യത്തിലേയ്ക്കും അതുവഴി ആഭ്യന്തര യുദ്ധത്തിലേയ്ക്കും രാജ്യത്തെ എത്തിക്കുന്ന പ്രവൃത്തിയായിപ്പോയി അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അഴിഞ്ഞാട്ടം. യുഎസ് ക്യാപിറ്റോളില്‍ കലാപം നടത്തിയ ട്രംപ് അനുകൂലികളെ ദേശസ്‌നേഹികളെന്നാണ് പ്രസിഡന്റിന്റെ ഉപദേശക കൂടിയായ ഇവാങ്ക ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂ സമയത്ത് ആളുകളോവാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേര്‍ന്നുളള അലക്‌സാണ്ട്രിയ, അര്‍ലിങ്ടണ്‍ എന്നിവിടങ്ങളില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രംപിന്റെ വീഡിയോ ഫെയ്‌സ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ വാദം ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.
ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും ലോകനേതാക്കള്‍ രംഗത്തെത്തി. കാപ്പിറ്റോള്‍ കലാപത്തെ യുഎസ് കോണ്‍ഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങളെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.
സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരണമെന്നും നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
യുഎസ് ജനാധിപത്യത്തിനുനേരെയുണ്ടായ ആക്രമണമെന്നാണ് കലാപത്തെ യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിച്ചത്. വാഷിങ്ടണില്‍ നടന്നത് അമേരിക്കക്കാര്‍ക്ക് ചേര്‍ന്നതല്ല എന്ന് ഫ്രാന്‍സ് പ്രതികരിച്ചു. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ട്രംപ് അനുകൂലികള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് അഭിപ്രായപ്പെട്ടു.
യുഎസില്‍ ജനാധിപത്യത്തിന് നേരെയുളള ആക്രമണങ്ങളില്‍ കാനേഡിയന്‍ ജനത വളരെയധികം ദുഃഖിക്കുന്നുവെന്നും അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു.
മഹത്തായ അമേരിക്കന്‍ ജനാധിപത്യ പാരമ്പര്യത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് സമാധനപരമായി അധികാരകൈമാറ്റം തങ്ങള്‍ ആഗ്രഹിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
'ജനാധിപത്യം- ജനങ്ങളുടെ വോട്ട് ചെയ്യാനുളള അവകാശം, അവരുടെ ശബ്ദം കേള്‍ക്കപ്പെടുക. തുടര്‍ന്ന് അവര്‍ സമാധാനപരമായി ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം ഒരിക്കലും ഒരു ജനക്കൂട്ടം ഇല്ലാതാക്കാന്‍ പാടുളളതല്ല' - ന്യുസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ട്വീറ്റ് ചെയ്തു.
ക്യാപിറ്റോള്‍ കലാപത്തെ നാറ്റോയും അപലപിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെഗ് ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ജോ ബൈഡനെ അടുത്ത പ്രസിഡന്റായി അംഗീകരിക്കൂവെന്നായിരുന്നു ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂത്തെ പറഞ്ഞത്.
വാഷിങ്ടണ്‍ ഡിസിയിലുണ്ടായ സംഭവങ്ങളെ നടക്കുത്തോടെയും ആശങ്കയോടെയുമാണ് ഐറിഷ് ജനത നോക്കിക്കാണുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ജനാധിപത്യത്തിന് നേരെയുണ്ടായ അംഗീകരിക്കാനാവാത്ത ആക്രമണമാണ് ഇത്. ചിട്ടയോടെയും സമാധാനത്തോടെയുമുളള അധികാരക്കൈമാറ്റം ഉറപ്പുവരുത്തണമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.