നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമാക്കി ഹൈക്കമാന്‍ഡ് കെപിസിസിയില്‍ നടത്തുന്ന പൊളിച്ചെഴുത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറിക്കുമെന്നു സൂചന. പകരം കണ്ണൂര്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ സുധാകരനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കുമെന്നാണ് വിവരം. സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു . കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് വിവരം.
കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. അധ്യക്ഷപദം പാര്‍ട്ടി ഏല്‍പിച്ചാല്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും സുധാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നാണ് സുധാകരന്റെ നിലപാട്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്‍.
നിലവില്‍ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഉള്ളതിനാല്‍ തത്കാലം എ ഗ്രൂപ്പും ഇതില്‍ പരസ്യമായി എതിര്‍പ്പ് ഉന്നയിക്കാനിടയില്ല. കെപിസിസി അദ്ധ്യക്ഷ സ്ഥാനം സുധാകരന് വരുന്നതോടെ മുഖ്യമന്ത്രി പദവിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ പേരിനു വഴി തെളിയും
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് മുല്ലപ്പളിക്കു വിനയായത്. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഹൈക്കമാന്‍ഡ് ഏല്‍പിച്ചതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷനേയും മാറ്റുന്നത്.