റിഹാനയെന്ന പേര് ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ കേട്ടിട്ടില്ല. ഇതാരാണ് എന്ന് ഇന്റര്‍നെറ്റില്‍ തിരയാമെന്ന് വച്ചാല്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന വേദികളില്‍ ഇന്റര്‍നെറ്റില്ല. എന്നാല്‍ കാണാമറയത്തിരുന്ന് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി എഴുതിയ ഒറ്റവരി ലോകം ഏറ്റെടുത്തിരിക്കുകയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇതുപോലൊരു അഭിപ്രായപ്രകടനം നടത്തിയതിന് ഇന്ത്യ ന്യൂദല്‍ഹിയിലെ കനേഡിയന്‍ അംബാസിഡറെ വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത് എന്ന മുന്നറിപ്പും നല്‍കി. ട്രൂഡോയ്ക്ക് മാത്രമല്ല എല്ലാ ലോകനേതാക്കള്‍ക്കുമുള്ള ഒരു താക്കീതായിരുന്നു അത്. ഇന്ത്യയുടെ കണ്ണുരുട്ടലില്‍ എല്ലാവരും തന്നെ വിരണ്ടു. കാനഡയുടെ പാത മറ്റു ലോക രാജ്യങ്ങള്‍ പിന്തുടരാത്തതിന് പിന്നില്‍ മറ്റൊന്നുമല്ല. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയെ പിണക്കി എന്തിന് കച്ചവടം പൂട്ടുന്നു എന്നാണ് പൊതുവേ ലോകരാജ്യങ്ങളും രാഷ്ട്രീയ നേതാക്കളും ചിന്തിക്കുന്നത്.
രണ്ടുമാസമായി ദല്‍ഹിയിലെ കൊടും തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി കൂടുതല്‍ ശബ്ദമുയരാത്തതിന് പിന്നില്‍ ന്യൂദല്‍ഹിയിലെ കണ്ണുരുട്ടലും പിന്നെ കച്ചവടക്കണ്ണുമാണ്. എന്നാല്‍ റിഹാന എന്ന പെണ്‍കുട്ടി,ആടിയും പാടിയും കെട്ടിപ്പൊക്കിയ ബിസിനസ് ലോകത്തിന്റെ തലപ്പത്ത് ഇരുന്നു കര്‍ഷക സമരത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ തന്റെ ലാഭം കുറയുമെന്നോ ഇന്ത്യയിലെ ഒരുകൂട്ടര്‍ തനിക്ക് എതിരാകുമെന്നോ ഒന്നും ആലോചിച്ചില്ല. ഇന്ത്യയില്‍ കാലുകുത്താന്‍ ന്യൂദല്‍ഹി ഇനി വിസകൊടുക്കാതിരുന്നാലും അവര്‍ക്ക് പ്രശ്‌നമില്ല.അവള്‍ ദല്‍ഹിയിലെ കര്‍ഷകസമരം യുവത്വത്തിന് കൈമാറിയിരിക്കുകയാണ്.ലോകം ഏറ്റെടുത്തു കഴിഞ്ഞു ആ ട്വീറ്റ്. മൂന്നരക്കോടിയാണ് കാനഡയിലെ മൊത്തം ജനസംഖ്യയെങ്കില്‍ റിഹാനയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്തുകോടിയാണ്. അത്രയും പേരിലാണ് ഈ ഒറ്റവരിയിലൂടെ സമരം എത്തിയത്. ഇതു കണ്ട് ഇന്ത്യക്കാരില്‍ ചിലര്‍ ഇന്റര്‍നെറ്റില്‍ റിഹാനയുടെ അടിവസ്ത്രത്തിന്റെ നിറം തെരയുകയാണ്!!
പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗും സമരത്തെ അനുകൂലിച്ചു രംഗത്തുവന്നിട്ടുണ്ട്. കര്‍ഷകരില്‍ ഒരു ചെറിയ വിഭാഗമേ സമരം ചെയ്യുന്നുള്ളുവെന്നും സത്യമറിയാതെയാണ് സെലിബ്രിറ്റികള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതെന്നുമാണ് ഇന്ന് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടുള്ളത്.
ദല്‍ഹിയില്‍ കര്‍ഷകരെ പോലീസ് നേരിടുന്ന ചിത്രങ്ങളും സമരവേദിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും ലോകം ഞെട്ടലോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് പുറംലോകത്തിന് വിശ്വസിക്കുക എളുപ്പമല്ല. രണ്ടുമാസമായി ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്തിട്ടും ആ വിഷയം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന് എന്തോ പ്രശ്‌നമുണ്ടെന്നേ ലോകം വിലയിരുത്തൂ. രാഷ്ട്രീയക്കാരല്ല, ന്യൂയോര്‍ക്കിലെപോപ്പ് ഗായകരും സ്‌റ്റോക്ക് ഹോമില്‍ നിന്നുള്ള പരിസ്ഥിതിപ്രവര്‍ത്തകരുംമെക്കെ ഇന്ത്യയിലെ സമരത്തെക്കുറിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ആകുലപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ സമരത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് ഇന്ത്യ എന്ന ബ്രാന്‍ഡിന്റെ വിലയിടിക്കുന്നു. കിണറ്റിലെ തവളയെപ്പോലെ ന്യൂദല്‍ഹിയിലിരുന്ന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടരുത് എന്ന് ലോകത്തോട് പറയരുത്. ഇതൊരു മനുഷ്യാവകാശ വിഷയമാണ്. അങ്ങനെയാണ് ലോകം ഏറ്റെടുത്തിരിക്കുന്നതും.
മനുഷ്യനെ തിന്നുന്ന ഈദിഅമീനെക്കുറിച്ചുള്ള കഥകള്‍ നമ്മുടെ തലമുറ ഇന്ന് വായിക്കുന്നു. ഇങ്ങനെപോയാല്‍ മനുഷ്യാവകാശങ്ങളെ വിഴുങ്ങിയ ഇന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചാവും അടുത്ത തലമുറ വായിക്കുക.