കോവിഡ് ചികിത്സയുടെ മറവില്‍ കേരളത്തിലെ ചില ആശുപത്രികളില്‍ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിനിമാനടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴുള്ള അനുഭവം തുറന്നു പറഞ്ഞാണ് എബ്രഹാം കോശിയുടെ വെളിപ്പെടുത്തല്‍.
ഇക്കഴിഞ്ഞ ജനുവരി 28നാണ് കോവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എബ്രഹാം കോശി അഡ്മിറ്റ് ആകുന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ ബില്‍ ആണ് ചികിത്സായിനത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കിയതെന്ന് എബ്രഹാം കോശി പറയുന്നു.
അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച് വരവേ അദ്ദേഹത്തിന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം ജനുവരി മുപ്പതിന് അവര്‍ ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആവുകയും മുപ്പത്തിയൊന്നിന് അവര്‍ക്കും അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. "മറ്റ് മുറികള്‍ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം. ഈ മുറി വാടകയില്‍ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതില്‍ അടങ്ങില്ല.
ഞങ്ങള്‍ മൂന്ന് പേരും തിരിച്ചെത്തിയശേഷം ഫെബ്രുവരി രണ്ടാം തീയതി അവര്‍ പാര്‍ട്ട് ബില്‍ തന്നു. 2,40,000 രൂപയാണ് അതിന്റെ ബില്‍. അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണമെന്ന് പറഞ്ഞു.
അങ്ങനെ നോക്കുമ്പോള്‍ ഒരു ദിവസം 31,000 രൂപ വാടകയിനത്തില്‍ തന്നെ നല്‍കണം. ഇത് അധാര്‍മികതയാണെന്ന് തോന്നി ഡോക്ടര്‍മാരോടും മറ്റും സംസാരിച്ചു. പക്ഷേ വിട്ടുവീഴ്ച്ചയ്ക്ക് അവര്‍ തയ്യാറല്ല. ഓരോരുത്തരും മുഴുവന്‍ വാടകയും കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നാണ് ആശുപത്രി നിലപാട്.
മറ്റൊരു തട്ടിപ്പ് നടക്കുന്നത് പിപിഇ കിറ്റിന്റെ കാര്യത്തിലാണ്. നഴ്സുമാര്‍ക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാര്‍ ആണുള്ളത്. ദിവസവും രണ്ട് പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും രണ്ട് പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും രണ്ട് പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാര്‍ക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. കാന്റീനില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്നുണ്ടാകാം.
ഇക്കാര്യത്തിലും കൊവിഡിന്റെ പേരില്‍ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാല്‍ സാധ്യമായ കാര്യമല്ല. ഡോക്ടറോട് സംസാരിച്ചപ്പോള്‍ 14 ദിവസമെങ്കിലും ഇവിടെ കഴിയേണ്ടി വരുമെന്നാണ് അറിഞ്ഞത്. എന്റെ കുടുംബം വിറ്റാല്‍ പോലും ഇത്രയും തുക ഉണ്ടാക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഇന്നു തന്നെ കൊടുക്കണം എന്ന തീരുമാനത്തിലാണ് ഞാന്‍."- എബ്രഹാം കോശി പറയുന്നു.
സമാനമായ അവസ്ഥ വിവരിച്ചു നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഇടപെടലാണ് ഏവരും ആവശ്യപ്പെടുന്നത്