തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് നേരിട്ട് ബന്ധമുണ്ടെന്ന സ്വപ്‌നയുടെ മൊഴി പുറത്തായതിന് പിന്നാലെ കസ്റ്റംസ് കമ്മിഷണര്‍ക്കെതിരായ നീക്കം ശക്തമാക്കി സിപിഎം. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി നേതാവായ കെ.ജെ. ജേക്കബിനെ കൊണ്ട് സിപിഎം അഡ്വക്കേറ്റ് ജനറലിനു പരാതി നല്‍കി. രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയില്‍ പറയുന്നു.
ജയില്‍ മേധാവി നല്‍കിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സുമിത് കുമാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു. രഹസ്യമൊഴി വെളിപ്പെടുത്തിയത് കോടതി അലക്ഷ്യമെന്നാണ് സിപിഎം ആരോപിക്കുന്നത്.
നേരത്തേ, കസ്റ്റംസ് ഓഫിസുകളിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയുടേയും വിലപേശല്‍ നടക്കില്ലെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടിയുമായി സിപിഎം നീക്കം. സ്വപനയുടെ മൊഴി പുറത്തായതിന് പിന്നാലെ പിണറായിയും സിപിഎം നേതാക്കളും കസ്റ്റംസിനെതിരെ ആരോപണം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഹൈക്കോടതിയില്‍ കസ്റ്റംസിന്റെ സത്യവാങ്മൂലം വലിയ ചര്‍ച്ചയായിരുന്നു . ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സ്വപ്‌നയുടെ മൊഴി. മൂന്ന് മന്ത്രിമാരുടെ പങ്കിനെകുറിച്ചും സ്വപ്‌ന മൊഴി നല്‍കി.
മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. അനധികൃത പണമിടപാടും ഇവര്‍ തമ്മില്‍ നടത്തിയിരുന്നുവെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറയുന്നു. പല ഇടപാടിലും തനിക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ ഒമ്പതാമത്തെ പോയിന്റിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഇടപാടുകള്‍ വ്യക്തമാക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും കസ്റ്റംസ് പറയുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകളും മൂന്ന് മന്ത്രിമാരുടെ അനധികൃത ഇടപാടുകളെ കുറിച്ചും ഒരു കേന്ദ്ര ഏജന്‍സി വെളിപ്പെടുത്തല്‍ നടത്തുന്നത്.
ലൈഫ് മിഷനില്‍ കമ്മീഷനായി ലഭിച്ച മൂന്ന് കോടി ഇന്ത്യന്‍ രൂപ, 1.90 ലക്ഷം ഡോളര്‍ ആക്കി കോണ്‍സുലേറ്റിലെ ഈജിപ്ഷ്യല്‍ പൗരന്‍ ഖാലിദ് മുഖാന്തരം വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപിക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ സത്യവാങ്മൂലവും പുറത്തുവരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സര്‍ക്കാരിനെയും സിപിഎമ്മിനെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.