കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സ്ഥിതി ഇത്തവണ മാറുമെന്ന് സര്‍വേകളും ഇടതുമുന്നണിയും പറയുമ്പോഴും കുലുങ്ങാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പതിവുപോലെ 'തൊമ്മനും ചാണ്ടിയും കളിയില്‍' . അധികാരം കിട്ടിയില്ലെങ്കിലും വേണ്ടില്ല ,മത്സരിക്കാന്‍ സീറ്റു കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസിന്റെ ശാപം.
സ്വയം മാറി നില്‍ക്കാന്‍ തയാറാകാതെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവാന്‍ ഇറങ്ങിയതോടെ എല്ലാം ഒന്നുകൂടെ കുഴഞ്ഞു മറിഞ്ഞു. തനിക്കും തന്റെ ശിങ്കിടികള്‍ക്കും ആഗ്രഹിക്കുന്ന സീറ്റു ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി പതിവ് സമ്മര്‍ദ്ദം പയറ്റുന്നു. മറുവശത്തു രമേശ് ചെന്നിത്തല മുഖ്യമന്ത്രി കസേര ഒരു തവണയെങ്കിലും സ്വന്തമാക്കാനുള്ള കളികളിലും. സീറ്റില്ലെങ്കില്‍ പാര്‍ട്ടി തന്നെ മാറാന്‍ റെഡിയായി നില്‍ക്കുന്ന കുറെ രണ്ടാം നിര നേതാക്കള്‍. ഹൈക്കമാന്റിനു പോലും പിടി കൊടുക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് മാറുമ്പോള്‍ ഇടതു മുന്നണിയ്ക്കു കാര്യങ്ങള്‍ എളുപ്പമാകുകയാണ്.
പുതുപ്പള്ളി സീറ്റ് മകന്‍ ചാണ്ടി ഉമ്മനോ മകള്‍ അച്ചു ഉമ്മനോ നല്‍കാമെന്നും ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് മത്സരിക്കണമെന്നും ഹൈക്കമാന്റ് ആവശ്യപ്പെട്ടെങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങുന്നില്ല. വട്ടിയൂര്‍ക്കാവ് എന്ന കെണിയില്‍ നിന്ന് രക്ഷപ്പെട്ട ചെന്നിത്തല ഹരിപ്പാട് തന്നെ നിലയുറപ്പിക്കുന്നു. ഗ്രൂപ്പുകളുടെ പട്ടിക വെട്ടിയതോടെ മിക്ക മണ്ഡലങ്ങളിലും പാര്‍ട്ടിയിലെ ധാരണകള്‍ മാറി മറിയുന്ന സ്ഥിതിയുണ്ട്.
ഗ്രൂപ്പുകളിയില്‍ മനം മടുത്താണ് വി എം സുധീരനെപ്പോലുള്ളവര്‍ മാറി നില്‍ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം എന്നാണു കഴിഞ്ഞ ദിവസം പിസി ചാക്കോ പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇന്ന് കേരളത്തിലില്ലെന്നും കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ ഏകാപനമാണ് കേരളത്തിലുള്ളതെന്നും പിസി ചാക്കോ പറയുന്നു.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞു. മെറിറ്റുള്ളവരെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വി.എം സുധീരനും താനും പലപ്പോഴും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം ഇത് പരിഗണിക്കാന്‍ തയ്യാറായില്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
കേരളത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. മറ്റൊരു പരിഗണനയും ഭാരവാഹിത്വത്തിനോ സ്ഥാനാര്‍ത്ഥിത്വത്തിനോ നല്‍കാന്‍ ഗ്രൂപ്പ് നേതൃത്വം തയ്യാറാവുന്നില്ല. സീറ്റുകള്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായി വീതം വെക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു.
സീറ്റു മോഹികളുടെ കാലുവാരലും കാലുമാറലും എല്ലാ തിരഞ്ഞെടുപ്പുകാലത്തും കോണ്‍ഗ്രസില്‍ പതിവുള്ളതാണ്. ഇത്തവണ തൊണ്ണൂറിലേറെ സീറ്റുകളില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടും വ്യക്തിപ്രഭാവം ഉള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ തയാറായിട്ടില്ല.