ചെന്നൈ: പല താരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും കാണാറുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാഗ്ദാനങ്ങള്‍ കൊണ്ട് വോട്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ കുടുംബങ്ങള്‍ക്കും സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം, സൗജന്യ ഹെലികോപ്ടര്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര തുടങ്ങി എത്തിപ്പിടിക്കാനാവാത്ത വാഗ്ദാനങ്ങളാണ് തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇതിനു പുറമെ സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നീ വാഗ്ദാനങ്ങളും അദേഹം പ്രകടന പ്രതികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യങ്ങളില്‍ വീഴുന്ന ആളുകളില്‍ അവബോധം വളര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശരവണ്‍ പറയുന്നു. രാഷ്ട്രീയത്തില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ശരവണന്‍ പറയുന്നു. ചവറ്റുകുട്ടയാണ് തന്റെ ചിഹ്നം. വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ മാറ്റം ഉറപ്പാണെന്നും അദേഹം പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പമാണ് ശരവണ്‍ കഴിയുന്നത്. അവിവാഹിതനാണ്. നോമിനേഷന്‍ നല്‍കാന്‍ കെട്ടിവച്ച 20,000 രൂപ വരെ കടം വാങ്ങിയതാണെന്നും അദ്ദേഹം പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയത്തെ പണമുണ്ടാക്കാനുള്ള ഉപാധിയാക്കുന്നു. അവര്‍ ജനങ്ങളുടെ ക്ഷേമം മറക്കുന്നു. അധികാരത്തിലെത്തിയാല്‍ അവര്‍ തൊഴില്‍ സൃഷ്ടിക്കുന്നില്ല. കൃഷിയോ ശുദ്ധവായുവോ നദികളുടെ സംയോജനമോ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത പണമെറിഞ്ഞ് അവര്‍ ജനങ്ങളെ സ്വാധീനിക്കുന്നു. അവര്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ പോലും കഴിയുന്നില്ല. അവര്‍ അധികാരം സമ്പന്നര്‍ക്ക് മാത്രമായി മാറ്റുകയാണെന്നും ശരവണന്‍ കുറ്റപ്പെടുത്തി.
മണ്ഡലത്തില്‍ മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി സൗജന്യ വാഷിംഗ് മെഷീനും വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപയും ആറ് സൗജന്യ പാചക വാതക സിലിണ്ടറും എല്ലാ കുടുംബത്തിലും സര്‍ക്കാര്‍ ജോലിയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഡി.എം.കെ സ്ഥാനാര്‍ത്ഥിയാകട്ടെ, പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് നാലു രൂപയും കുറയ്ക്കും, വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും നെറ്റ് കണക്ഷനോടെ സൗജന്യ ടാബ്ലറ്റ് എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
വീട്ടമ്മമാര്‍ക്ക് ശമ്പളം വാഗ്ദാനം ചെയ്യുന്ന കമല്‍ ഹാസന്റെ എംഎന്‍എം പ്രതിമാസം 3000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എല്ലാ വീടുകള്‍ക്കും സൗജന്യ കമ്പ്യുട്ടറും ഇന്റര്‍നെറ്റും സദ്ഭരണവും, അമ്പത് ലക്ഷം ജോലികളും വാഗ്ദാനം ചെയ്യുന്നു.
മുന്‍കാലങ്ങളില്‍ ദ്രാവിഡ കക്ഷികള്‍ കളര്‍ ടിവിയും മിക്‌സിയും ലാപ്‌ടോപ്പുകളുമാണ് വാഗ്ദാനം ചെയ്തിരുന്നത്.