ലണ്ടന്‍ : യുകെയില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ കോവിഡ് ജാബ് സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കുമെന്ന് വാക്സിന്‍ മിനിസ്റ്റര്‍ നദിം സഹാവി. പുതിയ കോവിഡ് വേരിയന്റുകളില്‍ നിന്ന് ഈ ഗ്രൂപ്പിലുള്ളവരെ സംരക്ഷിക്കുന്നതിനാണ് ബൂസ്റ്റര്‍ ജാബുകളേകുന്നതെന്നും അദ്ദേഹം പറഞ്ഞു. 70 വയസിന് മുകളിലുള്ളവര്‍ക്ക് പുറമെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റാഫുകള്‍ക്കും ക്ലിനിക്കലി വള്‍നറബിളായവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും മിനിസ്റ്റര്‍ പറയുന്നു. അപകടകാരികളായ പുതിയ കോവിഡ് വകഭേദങ്ങള്‍ ചെറുക്കുന്നതിനായിട്ടാണ് സയന്റിസ്റ്റുകള്‍ ബൂസ്റ്റര്‍ ജാബുകള്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി പ്രകാരം ബൂസ്റ്റര്‍ ജാബുകള്‍ സെപ്റ്റംബറില്‍ നല്‍കാനാണ് സാധ്യതയെന്നാണ് സഹാവി വെളിപ്പെടുത്തി.
നിലവില്‍ യുകെയിലെ 29 മില്യണിലധികം മുതിര്‍ന്നവര്‍ക്കാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയിരിക്കുന്നത്. യുകെയില്‍ യുവജനങ്ങള്‍ക്ക് വാക്സിനോടുള്ള ആശങ്ക ദൂരീകരിക്കാനായി അടുത്ത ഏതാനും മാസങ്ങളില്‍ യുകെയിലാകമാനം ഡ്രൈവ്-ത്രൂ ജാബ് സെന്ററുകള്‍ സജ്ജമാക്കുമെന്നും വാക്സിന്‍ മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു.
ഡ്രൈവ്-ഇന്‍ ജാബ്സിന്റെ വിജയകരമായ പൈലറ്റുകള്‍ നല്ല നിലയില്‍ മുന്നോട്ട് പോകുന്നുവെന്നും ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇനിയും ത്വരിതപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുമെന്നും സഹാവി പറയുന്നു. വൈകാതെ 50 വയസിന് താഴെയും 40 വയസിന് താഴെയും 30 വയസിന് താഴെയുമുള്ള ഏയ്ജ് ഗ്രൂപ്പുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങുമെന്നും അതിനായി വാക്സിനോടുള്ള അവരുടെ ആശങ്കയും വൈമുഖ്യവും ദൂരീകരിക്കുന്നതിനായി നടപടിക്രമങ്ങള്‍ നടപ്പിലാക്കുമെന്നും മിനിസ്റ്റര്‍ പറയുന്നു. ഓട്ടം സീസണോടെ രാജ്യത്ത് എട്ട് തരം കോവിഡ് വാക്സിനുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും സഹാവി പറയുന്നു. ഇവയില്‍ നിരവധി വാക്സിനുകള്‍ യുകെയില്‍ തന്നെ നിര്‍മിച്ചതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ പെട്ട കോവിഡിനെ ഒരൊറ്റ ജാബിലൂടെ തുരത്തുന്ന വാക്സിനും ഇതില്‍ ഉള്‍പ്പെടുമെന്നാണ് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നത്.
യുകെയില്‍ നിലവില്‍ രണ്ട് കോവിഡ് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക വാക്സിനും ഫൈസര്‍-ബയോഎന്‍ടെക് വാക്സിനുമാണിത്. മൂന്നാം വാക്സിനായ മോഡേണക്ക് യുകെയിലെ മെഡിസിന്‍ വാച്ച്ഡോഗ് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല . വാക്‌സിന്റെ ലഭ്യത ഉറപ്പു വരുത്താനായി സര്‍ക്കാര്‍ ഇന്ത്യയുമായും യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടു വരുകയാണ്.