തിരുവനന്തപുരം: ലക്ഷക്കണക്കിന് വരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിലും വന്‍ കൃത്രിമം നടന്നതായി ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതിനു പിന്നാലെ അവര്‍ക്കു ബാലറ്റ് പേപ്പര്‍ തപാലില്‍ എത്തിക്കുകയും ചെയ്തെന്നും പലരും ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഉദ്യോഗസ്ഥനു പരാതി നല്‍കിയതായും ചെന്നിത്തല പറഞ്ഞു.
മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണു തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നത്. ഇവര്‍ക്കു പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യമുണ്ടായിരുന്നു. അവിടെ വോട്ട് ചെയ്തവര്‍ക്കും പിന്നീട് തപാല്‍ വോട്ടിനു സൗകര്യം ചെയ്തു കൊടുത്തു. ഇത് ഒഴിവാക്കേണ്ടതായിരുന്നു. ഇങ്ങനെ വോട്ട് രേഖപ്പെടുത്തിയത് യഥാര്‍ഥ ജനവിധി അട്ടമറിക്കും. എന്നാല്‍ ഇതു തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിഹാരമായി അഞ്ചു നിര്‍ദേശങ്ങളും ചെന്നിത്തല കമ്മിഷന്റെ മുന്നില്‍ സമര്‍പ്പിച്ചു.
ഇരട്ട വോട്ടുകള്‍ ചെയ്തവരുടെ വോട്ടുകളില്‍ ഒരെണ്ണം എണ്ണാന്‍ അനുവദിക്കരുതെന്നാണ് ഒരു നിര്‍ദേശം. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്തവരുടെയും താപാല്‍ ബാലറ്റുകള്‍ ലഭിച്ചവരുടെയും പ്രത്യേകമായ പട്ടിക പുറത്തു വിടണം. ഈ വോട്ടുകളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രമേ എണ്ണാന്‍ അനുവദിക്കാവൂ എന്നും ചെന്നിത്തല പറഞ്ഞു.
പ്രത്യേക കേന്ദ്രത്തില്‍ വോട്ടു ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തപാല്‍ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം.
എണ്‍പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു വീട്ടില്‍ത്തന്നെ വോട്ട് രേഖപ്പെടുത്തിയ സമ്പ്രദായവും കുറ്റമുക്തമാക്കണം. മൊത്തം വോട്ടുകളുടെ എണ്ണം, അച്ചടിച്ച ബാലറ്റുകള്‍, ബാക്കി വന്ന ബാലറ്റുകള്‍ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടുകള്‍ സീല്‍ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തപാല്‍ വോട്ടില്‍ വലിയ കൃത്രിമം നടന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. തപാല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘടനാസംവിധാനം സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി അനുഭാവികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബിഎല്‍ഒമാരെയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ ക്രിത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല തപാല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ത്ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റല്‍ വോട്ടുകള്‍ എവിടെയാണെന്ന് അറിയാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവണം. എത്രയെണ്ണം അച്ചടിച്ചു എത്രയെണ്ണം ഉപയോഗിച്ചു എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.