Don't Miss

പ്രതിദിന കേസുകള്‍ 3,52,991 ആയി ; കോവിഡില്‍ ഉലഞ്ഞ് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗ മുക്തി കുറഞ്ഞു രോഗ ബാധിതര്‍ കുതിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2812 പേരാണ് മരിച്ചത്. 219272 പേര്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 17313163 ആയി ഉയര്‍ന്നു. 28, 13,658 ആക്ടീവ് കേസുകളാണുള്ളത്. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്തെ പല ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്ന ദയനീയതയുടെ നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഈറനണിയുക്കുന്ന ഒരു ചിത്രമാണ് ഉത്തര്‍പ്രദേശില്‍ നിന്നും വന്നത്. കോവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രമാണിത് . രേണു സിംഗാള്‍ എന്ന ഈ സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു. രവി സിംഗല്‍ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ വെച്ച് മരിച്ചത്.

കോവിഡ് പിടിപെട്ട് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രവിയെയും കൊണ്ട് ഓട്ടോയില്‍ ഭാര്യ ആഗ്രയിലെ എസ്എന്‍എം ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല. പ്രിയപ്പെട്ടവനെ രക്ഷിക്കാന്‍ രേണു കോവിഡിനെ മറന്നു സ്വന്തം ജീവശ്വാസം നല്‍കിയെങ്കിലും അന്ത്യചുംബനം സ്വീകരിച്ച് അദ്ദേഹം വിടവാങ്ങി.

മെഡിക്കല്‍ ഓക്‌സിജന്‍ ലഭിക്കാതെ അഗ്രയില്‍ അങ്ങിങ്ങായി കോവിഡ് രോഗികള്‍ മരണപ്പെടുന്നുണ്ട്. കിടക്കകള്‍ക്കും ക്ഷാമം രൂക്ഷമാണ്. നിരവധി കോവിഡ് രോഗികളാണ് ആശുപത്രികള്‍ക്ക് മുന്നില്‍ വാഹനങ്ങളില്‍ കനിവ് തേടി കാത്തിരിക്കുന്നത്.

വെന്റിലേറ്ററുകളുടെയും പ്രാണവായുവിന്റെയും ആശുപത്രി ബെഡുകളുടെയും കുറവാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കി തയാറെടുപ്പുകള്‍ നടത്തി. താല്‍ക്കാലിക ആശുപത്രികള്‍ തുറന്നും വാക്സിനുകള്‍ സാര്‍വത്രികമാക്കിയും ആണ് അവര്‍ രോഗത്തെ പ്രതിരോധിച്ചത്. അപ്പോഴൊക്കെ ഇന്ത്യ അവരെ കൈയയച്ചു സഹായിച്ചു. ഒടുക്കം ഇന്ത്യ പ്രതിസന്ധിയിക്കപ്പെട്ടപ്പോള്‍ അമേരിക്കയടക്കം മെഡിക്കല്‍ സഹായത്തിനു യോഗം ചേരുന്നതേയുള്ളൂ. നമ്മുടെ ഭരണ കൂടത്തിന്റെ പിടിപ്പുകേടും ദീര്‍ഘവീക്ഷണമില്ലായ്മ്മയും ആണ് ഇവിടെ പ്രതിഫലിച്ചത്.

ഇന്ത്യയിലെ അതിരൂക്ഷമായ കൊവിഡ് അവസ്ഥ കണ്ട് തകര്‍ന്നുപോയെന്ന് ഗൂഗില്‍ സിഇഒ സുന്ദര്‍ പിച്ചെയും ഇന്ത്യയിലെ അവസ്ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ട്വിറ്ററില്‍ കുറിച്ചു. കോവിഡ് രണ്ടാംതരംഗം രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കോടികളുടെ സാമ്പത്തിക സഹായവും സാങ്കേതികമായ സഹായവും ഇരുവരും വാഗ്ദാനം ചെയ്തു.

ഗൂഗിള്‍ കമ്പനിയും ഗൂഗിള്‍ ജീവനക്കാരും ചേര്‍ന്ന് 135 കോടി രൂപ കൈമാറുമെന്നാണ് സുന്ദര്‍ പിച്ചെ പ്രഖ്യാപിച്ചിരിക്കുന്നത്. യൂനിസെഫും മറ്റ് സന്നദ്ധ സംഘടനകള്‍ വഴിയുമാകും തുക കൈമാറുന്നത്. ഹൈ റിസ്‌ക് മേഖലകളില്‍ സഹായം എത്തിക്കുന്നതിനൊപ്പം ലാഭേച്ഛയില്ലാതെ ഇന്ത്യയ്ക്ക് മെഡിക്കല്‍ സപ്ലൈസ് എത്തിക്കാനും വൈറസിനെക്കുറിച്ച് ആളുകളില്‍ ബോധവത്ക്കരണം നടത്തുന്നതിനുമാണ് ഫണ്ട് നല്‍കുന്നതെന്ന് പിച്ചെ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള കാഴ്ച്ചകള്‍ ഹൃദയഭേദകമാണെന്നായിരുന്നു മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ പ്രതികരണം. ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത യുഎസ് സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്നും ക്രിട്ടിക്കള്‍ ഓക്‌സിജന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായം നല്‍കുമെന്നും സത്യ നദെല്ല അറിയിച്ചു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions