തിരുവനന്തപുരം: തന്റെ രണ്ടാം വരവില്‍ പതിന്മടങ്ങു പ്രഹരശേഷിയുമായായിരിക്കും പിണറായി വിജയന്റെ വാഴ്ച. ഏറ്റവും വിശ്വസ്തരാവും സിപിഎം പ്രതിനിധികളായി മന്ത്രിസഭയില്‍ ഉണ്ടാവുക. കഴിഞ്ഞ മന്ത്രിസഭയിലെ സുധാകരന്‍, തോമസ് ഐസക്ക്, ഇപി ജയരാജന്‍ എന്നിവര്‍ക്ക് സീറ്റു നിഷേധിച്ചതും പി ജയരാജന് മത്സരിക്കാന്‍ കഴിയാതെ പോയതും പിണറായിയുടെ വ്യക്തമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. തുടര്‍ഭരണം ഉറപ്പാണെന്ന പ്രതീതി വരുകയും ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടുകയും ചെയ്തതോടെ രണ്ടാം ക്യാബിനറ്റിനുള്ള പണി പിണറായി നേരത്തെ തുടങ്ങിയിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധികാരിയാതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. വിധേയര്‍ക്കെല്ലാം സീറ്റുകിട്ടി. തന്റെ കടുത്ത ആരാധകരായ ഷംസീര്‍, എംബി രാജേഷ്, മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് സീറ്റു കൊടുക്കാന്‍ പിണറായി ശ്രദ്ധിച്ചു.
എംവി ഗോവിന്ദന്‍ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമനെന്നു ഏതാണ്ടുറപ്പാണ്. ആഭ്യന്തരം പിണറായി തന്നെ കൈവശം വയ്ക്കും. കോവിഡ് പശ്ചാത്തലത്തില്‍ കെ കെ ശൈലജ ആരോഗ്യ മന്ത്രിയായി തുടരും. ഇരിങ്ങാലക്കുടയില്‍ നിന്ന് വിജയിച്ച തൃശൂര്‍ കേരളവര്‍മ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ആര്‍ ബിന്ദു ആയിരിക്കും വിദ്യാഭ്യാസ മന്ത്രി എന്നാണു വിലയിരുത്തല്‍. പി രാജീവ്, വി എന്‍ വാസവന്‍, ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിമാരായി ഉണ്ടാവുമെന്ന് സൂചനയുണ്ട്. ദൈവവിശ്വാസം ഇടയ്ക്കു കാട്ടാറുള്ള കടകംപിള്ളിയ്ക്കു ഇത്തവണ നറുക്കു വീഴാനിടയില്ല . ലോകായുക്ത വിധി മൂലം രാജിവച്ച കെ ടി ജലീലിനെ തല്‍ക്കാലം പരിഗണിക്കാനാവാത്ത സ്ഥിതിയാണ്. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഔദ്യോഗികമായി നടത്തുക.
കേരളം രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചിരുന്നു .വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കി, ഒപ്പം വമ്പന്‍ന്മാരെ പോലും വിറപ്പിക്കുവാനും ഇടതുമുന്നണിയ്ക്കായി. വടകര മാത്രമാണ് വടക്കന്‍ കേരളത്തില്‍ ഒരു കരടായി അവശേഷിച്ചത്. മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളമശ്ശേരിയിലും തൃശൂരിയിലും തൃത്താലയിലും ചെങ്കൊടിപ്പാറി. ലൈഫ് മിഷന്‍ അഴിമതി ഉയര്‍ത്തിയ വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. അട്ടിമറി ഉണ്ടാകുമെന്ന് ഭയപ്പെട്ട ആലപ്പുഴയും, പത്തനംതിട്ടയും കൂടെനിന്നു. കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും മാത്രമായി നഷ്ടം ചുരുങ്ങി.
തിരുവനന്തപുരത്ത് അരുവിക്കരയിലും നേമത്തും അട്ടിമറി വിജയമാണ് നേടിയത്. ജി കാര്‍ത്തികേയന്റെ മകന്‍ കെ സ് ശബരിനാഥനെ നേരിടാന്‍ പാര്‍ട്ടിയിലെ പ്രാദേശിക എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എകെജി സെന്റര്‍ ഇരിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന തിരുവനന്തപുരത്തു അണികളോ അനുയായികളോ ഇല്ലാത്ത ആന്റണി രാജുവിനെ മത്സരിപ്പിച്ചു വിജയിപ്പിച്ചത് സിപിഎമ്മിന്റെ മറ്റൊരു തന്ത്രം.