നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ എം എം മണിയോട് വാക്ക് പാലിച്ച് ഇ എം അഗസ്തി. ഉടുമ്പന്‍ചോലയില്‍ മണി ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താന്‍ വാക്കുപാലിക്കുമെന്ന് അഗസ്തി വ്യക്തമാക്കിയിരുന്നു. ഉടുമ്പന്‍ചോലയില്‍ അഗസ്തിക്കെതിരെ എംഎം മണി 38,305 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2016 ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം. എംഎം മണിയുടെ ഭൂരിപക്ഷം ഇരുപതിനായിരം പിന്നിട്ടപ്പോഴേ അഗസ്തി പരാജയം സമ്മതിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തന്റെ അടുത്ത സുഹൃത്തായ അഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാന്റെ പ്രതികരണം. ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പാലായിലെ പരാജയത്തിനു പിന്നാലെ കെ.ടി.യു.സി.എം. ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി പാതി മീശവടിച്ചു . ജോസ് കെ. മാണിയും സ്‌റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്ന് പൗലോസ് കടമ്പംകുഴി സുഹൃത്തുമായി പന്തയം വെച്ചിരുന്നു. എന്നാല്‍ രണ്ടുപേരും പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണു പാതി മീശ വടിച്ചത്.
ഇരുവരുടേയും വിജയം ഉറപ്പാണെന്ന ധാരണയിലായിരുന്നു പൗലോസിന്റെ പന്തയം. ഇവരുടെ പരാജയം ഉള്‍കൊണ്ടു കൊണ്ട് മീശ പാതി വടിച്ചു കളയുകയായിരുന്നു. നേരത്തെ പൗലോസ് കടമ്പം കുഴി വ്യത്യസ്‌തമായ പ്രതിഷേധ സമരങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.