ഇത്തവണ ഇടതുമുന്നണിയും സിപിഎമ്മും മിന്നുന്ന ജയം നേടിയപ്പോള്‍ പരാജയത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്കാണ് യുഡിഎഫും കോണ്‍ഗ്രസും വീണത്. അവിടെ നിന്നൊരു തിരിച്ചു കയറ്റം അത്ര എളുപ്പമല്ലെന്ന ബോധ്യം സാധാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് തന്നെയുണ്ടായി. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്കു അതും ഒരു പതിവ് കലാപരിപാടി പോലെയെ തോന്നിയുള്ളൂ. അതുകൊണ്ടുതന്നെ 'ചരിത്ര' പരാജയത്തെ അതിന്റെ ഗൗരവത്തില്‍ കാണാനോ ഉള്‍ക്കൊള്ളാനോ സ്വയം വിലയിരുത്തി മാറി നില്‍ക്കാനോ തലമൂത്ത നേതാക്കള്‍ തയാറായില്ല. അപ്പോഴാണ് യുവ നേതാക്കളുടെയും എംഎല്‍എമാരുടെയും ഭാഗത്തു നിന്നും ഒരു ചെറിയ തീപ്പൊരി ഉയര്‍ന്നത്. അത് പതിറ്റാണ്ടുകളായി സംസ്ഥാന കോണ്‍ഗ്രസിനെ കൈവശം വച്ച് അനുഭവിക്കുന്നവര്‍ക്കെതിരായ ഒരു കുഞ്ഞു വിപ്ലവമായി മാറിയപ്പോള്‍ അത് വിഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ഉദയത്തിനാണ് വഴിയൊരുക്കിയത്.
രമേശ് ചെന്നിത്തല കഴിഞ്ഞ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിക്കാത്തതും നന്നായി അവതരിപ്പിക്കാനുള്ള കഴിവില്ലായ്മ്മയും ഭരണപക്ഷത്തിനും സിപിഎമ്മിനും പരിഹസിക്കാനുള്ള സാഹചര്യമൊരുക്കി. എന്നാല്‍ വിഡി സതീശന്‍ അങ്ങനെയല്ല , വിഷയങ്ങള്‍ കൃത്യമായി പഠിച്ചു വിശകലനം ചെയ്തു അക്കമിട്ടു നിരത്തി പറയുവാനായുള്ള കഴിവാണ് അദ്ദേഹത്തിനുള്ളത്.
പ്രതിപക്ഷത്തിന്റെ തകര്‍ന്ന ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കുക എന്നതാണ് സതീശന്റെ മുന്നിലെ ആദ്യ വെല്ലുവിളി. അതിനാല്‍ കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിച്ച വിഡി സതീശന്‍ എന്ന വിഡിഎസ് പ്രവര്‍ത്തകരുടേയും യുവജന സംഘടനകളുടേയും പ്രതീക്ഷയാണ്. തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാനും അത് വിശ്വസനീയമായി അവതരിപ്പിക്കാനുമുള്ള കഴിവ് സതീശനെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കണമെന്നതാണ് പുതിയ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചുള്ള വലിയ വെല്ലുവിളി. വിഡി സതീശന്റെ ജനകീയ മുഖം രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടയില്‍ കോണ്‍ഗ്രസിന് രക്ഷയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് ആധിപത്യത്തിനെതിരായ കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന്റെ സൂചനയെന്നാണ് അമ്പത്തിയാറുകാരനായ വിഡി സതീശന്റെ സ്ഥാനാരോഹണത്തെ വിശേഷിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവെന്ന പുതിയ സ്ഥാനലബ്ധി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട് എന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തുമെന്നും സതീശന്‍ പറയുന്നു. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണവേണം. കോണ്‍ഗ്രസിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകും. പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുക എന്നതിനാണ് മുഖ്യ പരിഗണന. വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചെറിയും. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളില്‍ മാറ്റം വരും. മാറ്റങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കസേരയാണ്. ഈ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിച്ചത് വിസ്മയിപ്പിക്കുന്നു. കോവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ല, മഹാമാരിക്കാലത്ത് സര്‍ക്കാരിനൊപ്പമുണ്ടാകും. നല്ലതിനെ പിന്തുണയ്ക്കും. എന്നാല്‍ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭയ്ക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികള്‍ മറച്ചിടും. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്. ഗ്രൂപ്പ് അതിപ്രസരം പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
1996ല്‍ വടക്കന്‍ പറവൂരില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുകൊണ്ടാണ് സതീശന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ പരാജയത്തിന്റെ മുന്നില്‍ പതറാതെ അഞ്ച് വര്‍ഷം കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നന്നായി പ്രവര്‍ത്തിച്ചു ജനകീയനായി. 2001 മുതല്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭൂരിപക്ഷം ഉയര്‍ത്തി വിഡി വളര്‍ന്നു. മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ ഫലമായി പറവൂര്‍ കൂടുതല്‍ ചുവന്നിട്ടും സതീശന്റെ തട്ട് താണുതന്നെയിരുന്നു.
പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം കൈയ്യാളിയതോടെയാണ് സതീശന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെയും പരിസ്ഥിതിസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളുടെ പേരിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടിയുള്ള ഇടപെടലുകളിലൂടെയും സതീശന്‍ തിളങ്ങി. നിലവില്‍ എഐസിസി സെക്രട്ടറിയും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്നു.
എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി വിലാസിനിയമ്മയുടേയും മകനായാണ് വിഡി സതീശന്റെ ജനനം. നിയമ ബിരുദധാരിയാണ്. പഠനകാലത്ത് തേവര സേക്രട്ട് ഹാര്‍ട്‌സ് കോളെജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലറായും എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അധികാരം മുമ്പില്ലാത്തവിധം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിനു സതീശന്റെ ശൈലി വല്ലാത്ത തലവേദനയാകുമെന്നുറപ്പ്.