പഠന ഭാരത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 6 വയസുകാരിയായ കശ്മീരികുട്ടിയുടെ പരാതി വീഡിയോ വൈറലായി. രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്ലാസ്, ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത് എന്നാണ് മോദി സാബിനോട് വീഡിയോയിലൂടെ സഗൗരവം 6 വയസുകാരി ചോദിക്കുന്നത്.
രാവിലെ 10 പത്ത് മണിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. രണ്ട് മണി വരെയുണ്ടാകും ഇംഗ്ലീഷ്, കണക്ക്. ഉറുദു, ഇവിഎസ്, കംപ്യൂട്ടര്‍ എന്നിങ്ങനെ ഓരോ ക്ലാസുകള്‍ക്ക് ശേഷം ഗൃഹപാഠവും. ഇതൊക്കെ വലിയ കുട്ടികള്‍ക്ക് നല്‍കേണ്ടതല്ലെ. ചെറിയ ക്ലാസിലുള്ളവര്‍ക്കാണോ ടീച്ചര്‍മാര്‍ ഇത്രയും എഴുതാനും പഠിക്കാനും നല്‍കേണ്ടത്. പഠനഭാരം ഏറിയതോടെ വീഡിയോയിലൂടെ പെണ്‍കുട്ടി പ്രധാനമന്ത്രിയോട് തന്റെ പരാതി പങ്കുവെയ്ക്കുകയാണ് .
മോദിക്ക് സലാം പറഞ്ഞും താന്‍ ആറ് വയസുകാരിയുമാണെന്നും പരിചയപ്പെടുത്തിക്കൊണ്ടുമാണ് പെണ്‍കുട്ടിയുടെ സംഭാഷണം ആരംഭിക്കുന്നത്. തികച്ചും ഗൗരവത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടി ചെറിയ പ്രായത്തില്‍ തനിക്ക് സൂം ക്ലാസ്സുകള്‍ വഴി അഞ്ചോളം വിഷയങ്ങള്‍ പഠിക്കാനുണ്ടെന്നും എന്തിനാണ് ഇത്രയും പഠനഭാരമെന്നും ചോദിക്കുന്നുണ്ട്. എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ് എന്ന പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
കുട്ടിയുടെ പരാതി ശ്രദ്ധയില്‍പെട്ട ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹ ഇത് പരിഹരിക്കാനുള്ള അടിയന്തിര നടപടികളും ആരംഭിച്ചു കഴിഞ്ഞു. കുഞ്ഞിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനുള്ള പദ്ധതി 48 മണിക്കൂറിനുള്ളില്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വീഡിയോ
കോവിഡ് മൂലം സ്‌കൂളുകളില്‍ പതിവായി പോകാന്‍ കഴിയാത്ത കുട്ടികളുടെ വിഷമമാണ് ഈ വീഡിയോയിലൂടെ പുറത്തുവരുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.