അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വന്‍ തുക ചിലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രക്ഷിച്ചു. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണനെയാണ് യൂസഫലി രക്ഷിച്ചത്. 2012 സെപ്തംബര്‍ 7-നായിരുന്നു സംഭവം. അബുദാബി മുസഫയില്‍ വെച്ച് ബെക്‌സ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണനെ അബുദാബി കോടതി വധശിക്ഷക്ക് വിധിച്ചത്. ഇപ്പോള്‍ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവായിരിക്കുകയാണ്.
കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാളുടെ കുടുംബം.
രക്ഷാശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ ഒരു ബന്ധുവഴി യൂസഫലിയുമായി ബെക്‌സ് കൃഷ്ണന്റെ കുടുംബം ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. ചര്‍ച്ചകള്‍ക്കായി സുഡാനില്‍ നിന്നും കുട്ടിയുടെ കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിക്കുകയായിരുന്നു.