അനിശ്ചിതമായി നീളുന്ന കോവിഡും ലോക്ഡൗണും മൂലം വിവാഹം ഒരു വര്‍ഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന പ്രവാസി മലയാളി യുവാവിനും യുവതിയ്ക്കും കോടതി ഇടപെട്ട് ആഗ്രഹ സാഫല്യം . തൃശൂര്‍ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയില്‍ പൗരത്വമുള്ള പൂഞ്ഞാര്‍ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് വെള്ളിയാഴ്ച നടന്നത്. അന്ന് വൈകുന്നേരം തന്നെ വരന്‍ അമേരിക്കയിലേക്ക് പറന്നു. ഡെന്നിസിന്റെ അവധി തീരുന്ന അവസാന ദിവസം കൂടിയായിരുന്നു ഇന്നലെ. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലേക്ക് പോകും.
കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് ലോക്ഡൗണ്‍ മൂലം മുടങ്ങി. അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു എല്ലാ ഒരുക്കങ്ങളുടെ നാട്ടിലെത്തിയപ്പോഴേക്കും സംസ്ഥാനത്തിന്റെ ലോക്ഡൗണ്‍ ആയി.
30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവര്‍ക്കും വിവാഹിതരാകാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കാത്തതിനാല്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. എന്നാല്‍, ഇതില്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഒടുവില്‍ വിവാഹം നടത്തി നല്‍കാന്‍ സബ് രജിസ്ട്രാര്‍ ഓഫീസറോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കോടതി നിര്‍ദേശിച്ചതു പ്രകാരം സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് രാവിലെ10.30നു മുന്‍പായി കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക്. ഒരു ദിവസം പോലും ഒരുമിച്ചു കഴിയാനാകാത്തതിന്റെ വിഷമം ഉണ്ടെങ്കിലും വിവാഹം നടത്തിയെടുക്കാനായത് ഇരുകൂട്ടര്‍ക്കും ആശ്വാസമായി.