തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ കുമ്പക്കുടി സുധാകരന്‍ ഏറ്റെടുത്തു. സ്ഥാനമാനങ്ങള്‍ ഇനി പ്രവര്‍ത്തന മികവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നു സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി - ചെന്നിത്തല അപ്രമാദിത്യം അവസാനിച്ച ദിവസം കൂടിയായിരുന്നു ഇന്ന്. ഗ്രൂപ്പ് നോക്കി വീതം വയ്ക്കുന്ന പരിപാടി ഇനി നടക്കില്ലെന്നു വ്യക്തമാക്കിയ സുധാകരന്‍ ജംബോ പട്ടികയില്ലാതെ 51 അംഗ പ്രവര്‍ത്തന സമിതിയാവും രൂപീകരിക്കുക.
എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുധാകരന്‍ പറഞ്ഞു. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഏകമനസോടെ ഒപ്പം നിന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം, കെപിസിസി ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. താന്‍ കെപിസിസി പ്രസിഡന്റായി നിയോഗിക്കപ്പെട്ടശേഷം വലിയ പ്രതീക്ഷയാണ് എല്ലാവരും വച്ചുപുലര്‍ത്തുന്നത്. അതുണ്ടാക്കുന്ന വെല്ലുവിളിയില്‍ ആശങ്കയുമുണ്ട്. എന്നാല്‍, പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും ഏകമനസോടെ പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ട.
അടുത്ത അഞ്ചു വര്‍ഷം കേരളത്തിലെ പാര്‍ട്ടിക്ക് അധികാരത്തെക്കുറിച്ചല്ല ആലോചന. താഴേത്തട്ടിലേക്ക് പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുകയാണ്. നേതൃത്വത്തിലുള്ള എല്ലാവരുമായും ആലോചിച്ച്, പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. സ്ഥാനമോഹങ്ങള്‍ക്കല്ല, പ്രവര്‍ത്തന മികവിന് പ്രാമുഖ്യം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹിത്വവും ഡിസിസി നേതൃത്വവും മറ്റ് ഭാരവാഹിത്വവുമൊക്കെ ആഗ്രഹിക്കുക സ്വാഭാവികം മാത്രമാണ്. പക്ഷേ, അതിനുള്ള പ്രവര്‍ത്തന സന്നദ്ധത കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം. അതൊരു പ്രതിജ്ഞയാണ്. സുധാകരന്‍ വ്യക്തമാക്കി.
രാവിലെ പത്തരയോടെ ഇന്ദിരാഭവനിലെത്തിയ സുധാകരനെയും നേതാക്കളെയും പുഷ്പഹാരങ്ങളും ഖദര്‍ ഷാളും നല്കി വരവേറ്റു. സേവാദള്‍ പ്രവര്‍ത്തകരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെപിസിസി ഓഫിസിലെത്തിയ സുധാകരന്‍ നേതാക്കളുമായി കൂട്ടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.
വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി സിദ്ദിഖ് എന്നിവരും ചുമതലയേറ്റു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍. കോവിഡ് പ്രോട്ടോകോള്‍ മൂലം പ്രവര്‍ത്തകര്‍ക്ക് ഇന്ദിരാഭവനിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, ഹൈക്കമാന്‍ഡ് നേതാക്കളായ താരിഖ് അന്‍വര്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥന്‍, പി.വി. മോഹന്‍, മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം. ഹസന്‍, സിഎംപി നേതാവ് സി.പി. ജോണ്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയ നേതാക്കള്‍ ഇന്ദിരാഭവനിലെത്തിയിരുന്നു.