ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ കസേരയില്ലാതായി വികാരാധീനനായി പതം പറഞ്ഞു നടന്ന രമേശ് ചെന്നിത്തലയെ ഒടുവില്‍ രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തു സമാധാനിപ്പിച്ചു. തന്നെ കാലുവാരിയെന്നും വഞ്ചിച്ചെന്നും പരിതപിച്ച ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
രാഹുലിന്റെ മുന്നില്‍ തന്റെ ആവലാതികളുടെയും പരിഭവത്തിന്റെയും കെട്ടഴിച്ച ചെന്നിത്തലയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയ്ക്ക് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലക്കു ഇനി കാര്യമായ റോളൊന്നുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാതെ ചെന്നിത്തലക്കു വേറെ നിവൃത്തിയില്ല.
അരമണിക്കൂര്‍ നീണ്ടുനിന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണതൃപ്തനെന്ന് ചെന്നിത്തല അറിയിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ രാഹുലുമായി സംസാരിച്ചെന്നും അദ്ദേഹം തന്നെ കേട്ടെന്നും ചെന്നിത്തല പറഞ്ഞു. മനസിലുണ്ടായിരുന്ന പ്രയാസങ്ങളും വിഷമങ്ങളും മാറി. ഒരു സ്ഥാനവുമില്ലെങ്കിലും സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാനും സന്നദ്ധനാണ്. കേരളത്തിനാണ് മുന്‍ഗണനയെങ്കിലും പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും എവിടെയും നിര്‍വഹിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനും ഉമ്മന്‍ ചാണ്ടിയും ചില ആശങ്കകള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചു. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്ന് നിന്നിട്ടുള്ളവരാണ്. നാളെകളിലും അതുതന്നെ തുടരും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കും. പുതിയ പ്രതിപക്ഷ നേതാവിനോടും കെ.പി.സി.സി അധ്യക്ഷനോടും പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് ഉമ്മന്‍ ചാണ്ടിയുമായി വൈകിട്ട് രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിക്കും. ഉമ്മന്‍ ചാണ്ടിയുടെ താല്‍പ്പര്യം പരിഗണിക്കാതെയായിരുന്നു വി ഡി സതീശന്റെയും കെ സുധാകരന്റെയും നിയമനം.
ഒരു സ്ഥാനവുമില്ലെങ്കിലും സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ ഒരു സാധാരണ പ്രവര്‍ത്തകനെ പോലെ പ്രവര്‍ത്തിക്കും. പാര്‍ട്ടി ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി നല്‍കിയതാണ്. സമ്പത്തോ പിന്തുണയയോ ഇല്ലാതെ പാര്‍ട്ടിയില്‍ വന്നയാളാണ് താന്‍.
കെ. സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തുനിന്നുള്ള നേതാവിനെ ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവായി സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്റിന്റെ തീരുമാനങ്ങളില്‍ ചെന്നിത്തല അതൃപ്തനായിരുന്നു. സംസ്ഥാന നേതൃത്വത്തെവെട്ടി പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് ഏകപക്ഷീയമായി തീരുമാനിച്ച രീതിയിലുള്ള പരാതി നേരത്തെ രമേശ് ചെന്നിത്തലക്കുണ്ടായിരുന്നു.
തന്റെ പ്രവര്‍ത്തന ചരിത്രവും രാജീവ് ഗാന്ധിയുമായുള്ള ബന്ധവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചാണ് ചെന്നിത്തല ഡല്‍ഹിക്കു പോയത്. എകെ ആന്റണിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എഐസിസി ചുമതലയില്‍ നിര്‍ത്തി അനുനയിപ്പിക്കുകയാണ് ഹൈക്കമാന്റ്. സംസ്ഥാന രാഷ്ട്രീയം പൂര്‍ണമായി വിടാനില്ലെന്നു ചെന്നിത്തല അറിയിച്ച സ്ഥിതിയ്ക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു മുഖ്യമന്ത്രി കസേരയ്ക്കായി പോരാടാന്‍ ചെന്നിത്തല എത്തും.