സതാംപ്ടണ്‍: കഴിഞ്ഞ തവണ ഏക ദിന ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളാക്കിയ ഐ.സി.സിയോട് മധുര പ്രതികാരം ചെയ്തു പ്രഥമ ഐ.സി.സി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ന്യൂസിലാന്റ് സ്വന്തമാക്കി. വിരാട് കോലിയുടെ ടീം ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്റ് തോല്‍പ്പിച്ചത്.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു. കെയിന്‍ വില്യംസണും റോസ് ടെയ്ലറും ചേര്‍ന്നാണ് കിവികളെ വിജയത്തിലേക്ക് നയിച്ചത്.
89 പന്തില്‍ എട്ടു ബൗണ്ടറികളോടെ 54 റണ്‍സുമായി വില്യംസനും 100 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 47 റണ്‍സുമായി ടെയ്ലറും പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലാന്റ് 249 & 140/2.
44 റണ്‍സിനിടെ ഡെവോണ്‍ കോണ്‍വെ (19), ടോം ലാതം (9) എന്നിവരെ പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ വില്യംസണ്‍- ടെയ്ലര്‍ സഖ്യം ഇന്ത്യയുടെ ദുര്‍ബലമായ പ്രതിരോധം മറികടന്നു.
നേരത്തെ റിസര്‍വ് ദിനത്തിലെ കളിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 170 റണ്‍സിന് അവസാനിച്ചിരുന്നു. 64ന് 2 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 71ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലി (29 പന്തില്‍ 13) പുറത്തായി. തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാര (15), അജിന്‍ക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), ഋഷഭ് പന്ത് (41), രവിചന്ദ്രന്‍ അശ്വിന്‍ (7) എന്നിവരും പുറത്താകുകയായിരുന്നു.