സിപിഎം കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായി മാറി, 'രക്തസാക്ഷി' യാകാനുള്ള ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാക്കളില്‍ അടുത്തത് ജി സുധാകരന്‍. വി എസ് അച്യുതനാന്ദന് ശേഷം ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാവായി വളര്‍ന്ന, കറയറ്റ കമ്യൂണിസ്റ്റായ സുധാകരന്റെ തലയ്ക്കു മുകളിലും പാര്‍ട്ടി അച്ചടക്ക വാള്‍. ടേം വ്യവസ്ഥ കൊണ്ട് വന്നു ഇത്തവണ മത്സര രംഗത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ട സുധാകരന്‍ പ്രചാരണ രംഗത്തു സജീവമായില്ല എന്ന ആരോപണം അന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ് പാര്‍ട്ടി. കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുള്ള കെ ജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് സംസ്ഥാന സമിതിയംഗമായ ജി സുധാകരനെതിരെ അന്വേഷണം നടത്തുക.
തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ പകരം മത്സരിച്ച തന്നോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാനമായും സലാം ഉന്നയിച്ചത്. തന്നെ എസ്ഡിപിഐക്കാരന്‍ ആയി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ചില്ല. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
വിഷയം വിവാദമായിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ജി സുധാകരന്‍ തയ്യാറായില്ല. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ നിന്നുള്ള പ്രതിഷേധം ഇപ്പോഴും സുധാകരന്‍ തുടരുന്നു എന്നാണ് വിലയിരുത്തല്‍. ജി സുധാകരനെതിരെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഉയര്‍ന്ന ആക്ഷേപങ്ങളിലാണ് സിപിഎം അന്വേഷണം നടത്തുന്നത്. അമ്പലപ്പുഴയില്‍ വിജയിച്ച എച്ച് സലാമിന് ജി.സുധാകരന്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നാണ് ആരോപണം. എസ്ഡിപിഐയുമായി ബന്ധമുന്നയിച്ചുള്ള ആരോപണങ്ങളും പോസ്റ്റര്‍ പ്രചാരണങ്ങളുമൊക്കെ നടന്നിട്ടും ജി സുധാകരന്‍ മൗനം പാലിച്ചുവെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ആലപ്പുഴയില്‍ ജെ ചിത്തരജ്ഞന് എതിരായി ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തോമസ് ഐസക്ക് മുന്നില്‍നിന്ന് പ്രതിരോധിച്ചതും ചൂണ്ടിക്കാണിക്കപ്പെട്ടു. അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും കടന്നുകൂടി. ഈ പരാമര്‍ശമാണ് വെള്ളിയും ശനിയുമായി നടന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്. സെക്രട്ടേറിയറ്റിലുണ്ടായ സമാന വിമര്‍ശങ്ങള്‍ സംസ്ഥാന സമിതിയിലും ജില്ലയില്‍നിന്നുള്ള അംങ്ങള്‍ ഉയര്‍ത്തി. ഇതോടെയാണ് അന്വേഷണത്തിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഈ വിഷയം ചര്‍ച്ച ചെയ്ത ജില്ല കമ്മിറ്റി യോഗത്തിലും സംസ്ഥാന സമിതിയിലും ജി സുധാകരന്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയം. ജി സുധാകരന്റെ വിശദീകരണം തേടുന്നതിലേക്കാവും അന്വേഷണ കമ്മിഷന്‍ ആദ്യം കടക്കുകയെന്നാണ് സൂചന. അന്വേഷണം പൂര്‍ത്തിയാക്കി സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്ന് സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.
അഴിമതിയുടെ കറപുരളാത്ത, ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാത്ത, കണിശക്കാരനായ സുധാകരനും പാര്‍ട്ടിയിലും ശത്രുക്കള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ സുധാകരനെ വീഴ്ത്താനും തരംതാഴ്ത്താനും നേതാക്കള്‍ക്ക് ഉത്സാഹം ഏറെയാണ്.