ന്യൂഡല്‍ഹി: ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി, കോണ്‍ഗ്രസിനെ നയിക്കാന്‍ ഇടവേളയ്ക്കു ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സോണിയാ ഗാന്ധിയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. മുന്‍കേന്ദ്ര മന്ത്രി കൂടിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. അധ്യക്ഷ സ്ഥാനം ഇല്ലെങ്കിലും നെഹ്‌റു കുടുംബത്തിന്റെ നോമിനിയായി തന്നെയാവും കമല്‍നാഥ് എത്തുക എന്ന് ചുരുക്കം.
നേരത്തെ പുതിയ അധ്യക്ഷനെ തേടി സോണിയ നേതാക്കള്‍ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടി പുനസംഘടന ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബവുമായും ജി-23 നേതാക്കളുമായും ഒരുപോലെ അടുത്ത ബന്ധമാണ് കമല്‍നാഥിനുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ മുന്‍പന്തിയിലാണ് കമല്‍നാഥ്. ഒമ്പത് തവണ ലോക്‌സഭാംഗമായിരുന്ന കമല്‍നാഥ് 1980 ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും കമല്‍നാഥിന് സൗഹൃദമുണ്ട്. കഴിഞ്ഞ ദിവസം എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറുമായും ഇടത് നേതാക്കളുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഏറ്റവും ഒടുവില്‍ മേയില്‍ നടത്താന്‍ തീരുമാനിച്ച തിരഞ്ഞെടുപ്പ് കോവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത് മുതല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധിയാണ്. 2017ലായിരുന്നു സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധ്യക്ഷ പദം ഏറ്റെടുത്തത്. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി നേതൃത്വം സോണിയ ഗാന്ധിയോട് ഇടക്കാല അധ്യക്ഷയായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകുന്നതില്‍ നേതൃത്വത്തെ വിമര്‍ശിച്ച് നേരത്തെ പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതും വലിയ വിവാദമായിരുന്നു.