മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെ 'കേരളത്തിന്റെ ദൈവം' ആക്കി ഫ്ളക്‌സ് വച്ചതു ട്രോളിനും വിമര്‍ശനത്തിനും കാരണമായി. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടെ ഫ്‌ളക്‌സില്‍ എഴുതിയത്. ക്ഷേത്രത്തിന്റെ ആര്‍ച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ആരാണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ച് വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ ആണെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി. ബല്‍റാം പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ചത്.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രണ്ട് പ്രതിഷ്ഠയാണവിടെ.
ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു,
രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍.
അതേസമയം, വിഷയത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചു. തങ്ങള്‍ അറിയാതെയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചതെന്നും ക്ഷേത്രകവാടത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചത് മോശമായെന്നും ക്ഷേത്രം ഭാരവാഹികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം വ്യക്തമാക്കി.