ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്റില്‍ കാറപകടത്തില്‍പ്പെട്ട നഴ്സ് ലോട്സിയുടെ കുടുംബത്തെ സഹായിക്കാനായി മലയാളി സമൂഹം രംഗത്ത്. ഓണ്‍ലൈന്‍ ധനസമാഹരണത്തിലൂടെ ഒറ്റ രാത്രി കൊണ്ട് മൂന്നു ലക്ഷം ഡോളറിലേറെയാണ് കുടുംബത്തിനായി സമാഹരിച്ചത്.
വ്യാഴാഴ്ച രാവിലെയുണ്ടായ കാറപകടത്തിലാണ് ലോട്സി ജോസും (35) ആറു വയസുള്ള മകള്‍ കേറ്റ്ലിന്‍ ഔസേപ്പ് ബിപിനും മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു ആണ്‍കുട്ടികളെയും ഭര്‍ത്താവ് ബിപിനെയും ബ്രിസ്ബൈനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെയും നിലയില്‍ നേരിയ പുരോഗതി ഉണ്ടായി എന്ന്ആശുപത്രി അധികൃതര്‍ അറിയിച്ചു.
NSWലെ ഓറഞ്ചില്‍ നിന്ന് ബ്രിസ്ബൈനിലേക്കുള്ള യാത്രയ്ക്കിടെ, അവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട എസ് യുവി ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിപിന്റെയും ലോട്സിയുടെയും ബന്ധുവായ മാര്‍ട്ടിന്‍ മാത്യുവാണ് ഗോ ഫണ്ട് മീ പേജ് വഴി കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം തുടങ്ങിയത്.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ ധനസമാഹരണം രണ്ടു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം ഡോളര്‍ സ്വരൂപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വരെയുള്ള 12 മണിക്കൂര്‍ കൊണ്ട് മൂന്നേകാല്‍ ലക്ഷം ഡോളറാണ് കുടുംബത്തിനായി സ്വരൂപിക്കാന്‍ കഴിഞ്ഞത്. 3,500ഓളം പേരാണ് 12 മണിക്കൂറിനുള്ളില്‍ ഇതിലേക്ക് സഹായമായി നല്‍കിയത്.
ലോട്സിയുടെയും മകളുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനും, മറ്റു കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിനും സഹായകരമാകുന്നതിനു വേണ്ടിയാണ് ഈ പണം ഉപയോഗിക്കുക.
എട്ടു വയസുള്ള മൂത്ത കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെങ്കിലും 'സ്റ്റേബിള്‍' ആണെന്ന് ആശുപത്രി വ്യക്തമാക്കി. മൂന്നു വയസുള്ള ആണ്‍കുട്ടിയും സ്റ്റേബിള്‍ അവസ്ഥയിലാണ്.