ബംഗളൂരു: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ പുറത്ത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദിയൂരപ്പയുടെ പ്രസംഗം. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഒരുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ യെദിയൂരപ്പ വികാരാധീനനാകുയും വിതുമ്പി കരയുകയും ചെയ്തു.
അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്.' എന്നാണ് യെദിയൂരപ്പ പറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് ആയതിനാല്‍ തന്നെ തനിക്ക് അഗ്നി പരീക്ഷയായിരുന്നുവെന്നും യെദിയൂരപ്പ കൂട്ടിചേര്‍ത്തു.
യെദിയൂരപ്പയുടെ രാജിക്കായി വലിയ സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നും കടുത്ത പ്രതിരോധമാണ് ഉയര്‍ന്നത്. യെദിയൂരപ്പ പുറത്ത് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്നായിരുന്നു ലിംഗായത്തിന്റെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി യെദിയൂരപ്പ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി മടങ്ങുമ്പോള്‍ കര്‍ണാടകയില്‍ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.
നഴ്സ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച ആളായിട്ടും ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
2019 ജൂലൈയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടരുകയാണ്. എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍, എം.എല്‍.സി. എ.എച്ച്. വിശ്വനാഥ് എന്നിവര്‍ പരസ്യമായി യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ- ലിംഗായത്ത് സമൂഹം യെദിയൂരപ്പയ്ക്ക് ഒപ്പമാണ്. യെദിയൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു.
യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്.