ടോക്കിയോ: ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിക്കൊടുത്തു ജാവലിന്‍ താരം നീരജ് ചോപ്ര. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്.
ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി. നീരജ് മാത്രമാണ് 87 മീറ്റര്‍ പിന്നിട്ടത്. ആദ്യ രണ്ടു ശ്രമത്തിലും നീരജ് 87 മീറ്റര്‍പിന്നിട്ടിരുന്നു.
ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്നത്. ഒളിമ്പിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. ബെയ്ജിംഗ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയിരുന്നു. യോഗ്യതാ മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തു.
86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറി. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 88 മീറ്റര്‍ പിന്നിട്ടിരുന്നു. 88.06 മീറ്റര്‍ എറിഞ്ഞാണ് അന്ന് സ്വര്‍ണമണിഞ്ഞത്.
നീരജിന് വെല്ലുവിളിയാകുമെന്നു കരുതിയ ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍, ചെക്ക് റിപ്പബ്ലിക് താരം വിറ്റ്സ്ലാവ് വെസ്ലി എന്നിവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് നീരജിന്റെ വരവ്. 2016-ല്‍ സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയാണ് നീരജ് രാജ്യാന്തര കരിയര്‍ ആരംഭിച്ചത്. എന്നാല്‍ നീരജിലെ പ്രതിഭയെ രാജ്യവും ലോകം ശ്രദ്ധിച്ചത് അതേവര്‍ഷം പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. 86.48 മീറ്റര്‍ കണ്ടെത്തി നീരജ് ജൂനിയര്‍ ലോക റെക്കോഡ് തകര്‍ത്താണ് അന്നു സ്വര്‍ണമണിഞ്ഞത്. എന്നാല്‍ കട്ട് ഓഫ് തീയതി കഴിഞ്ഞതിനാല്‍ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ പോയി. തുടര്‍ന്ന് 2017-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ നീരജ് 2018-ല്‍ വീണ്ടും ദേശീയ റെക്കോഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. 2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്ററുമായി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ നീരജ് പിന്നീട് മൂന്നു തവണ കൂടി സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ നീരജ് ടോക്കിയിലേക്കു പോകും മുമ്പേ പട്യാലയില്‍ 88.07 മീറ്റര്‍ കണ്ടെത്തിയാണ് ഒളിമ്പിക്‌സിന് ഇറങ്ങിയത്. ജര്‍മന്‍ പരിശീലകനായ ക്ലോസ് ബര്‍ടോനിറ്റ്‌സാണ് പരിശീലകന്‍.
അത്‌ലറ്റിക്സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇന്ത്യ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു. 1900 ജൂലായ് 22 ന് 200 മീറ്റര്‍ ഓട്ടത്തിലും ഹര്‍ഡില്‍സിലും വെള്ളിമെഡലാണ് പ്രിച്ചാര്‍ഡ് സ്വന്തമാക്കിയത്.