മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കെട്ടിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരുകളില്‍ 300 കോടിയിലധികം കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരില്‍ ഈ കള്ളപ്പണം കുഞ്ഞാലിക്കുട്ടി നിക്ഷേപിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ പറഞ്ഞു.
എആര്‍ ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. ദേവി എന്ന അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. തട്ടിപ്പ് പുറത്തായതോടെ ഹരികുമാര്‍ നിരവധി തവണ ടീച്ചറെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസമാണ് എ. ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 2018മുതല്‍ തന്നെ ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാങ്കില്‍ നിന്ന് സെക്രട്ടറിയായി വിരമിച്ചയാള്‍ പിറ്റേന്ന് തന്നെ ഡയറക്ടര്‍ ആയി ചുമതലയേറ്റത് മുതല്‍ ക്രമക്കേടുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുള്ള അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെക്രട്ടറി 17 കോടിയുടെ ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ജലീല്‍ പറഞ്ഞു.
ലീഗിലെ പ്രവര്‍ത്തകരുടെ തലമുറമാറ്റം കുഞ്ഞാലിക്കുട്ടിയുടെ കസേരയെ പിടിച്ചു കുലുക്കി തുടങ്ങിയിട്ടുണ്ട്. അതിപ്പോള്‍ പാണക്കാട് കുടുംബത്തില്‍ വരെ എത്തി നില്‍ക്കുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ തന്നെ പരസ്യമായി രംഗത്തെത്തി. ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നാലു പതിറ്റാണ്ടായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയെന്നും ഫണ്ട് കൈകാര്യം കുഞ്ഞാലിക്കുട്ടി തനിച്ചാണ് നടത്തുന്നതെന്നും മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന്‍ അലി വാര്‍ത്താസമ്മേളത്തില്‍ തുറന്നടിച്ചത് ലീഗിനെ വലിയ ആഭ്യന്തര പ്രശ്നങ്ങളിക്ക് തള്ളിവിട്ടിരുന്നു.