ലോര്‍ഡ്‌സിലെ നാണക്കേടിന് ലീഡ്‌സില്‍ തിരിച്ചടി നല്‍കി ഇംഗ്ലണ്ട് . മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നാലാം ദിനമായ ഇന്ന് ആദ്യ സെഷന്‍ പോലും പൂര്‍ത്തിയാക്കാതെ എട്ടുവിക്കറ്റും കളഞ്ഞുകുളിച്ചാണ് ഇന്നിങസ് തോല്‍വിയുമായി കോലിയും കൂട്ടരും കീഴടങ്ങിയത്. ഒന്നാമിന്നിങ്‌സില്‍ 354 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്താകുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തു.
മൂന്നാംദിനത്തിനു സമാനമായി നാലാംദിനവും ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യ തരിപ്പണമായി.
രണ്ടു വിക്കറ്റിനു 215 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. പക്ഷെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കു മേല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. നാലാം ദിനം വെറും 63 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച എട്ടു വിക്കറ്റുകളും കൈവിട്ട ഇന്ത്യ ദയനീയ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.
ചേതേശ്വര്‍ പുജാര (91), നായകന്‍ വിരാട് കോഹ്ലി (55), അജിങ്ക്യ രഹാനെ (10), റിഷഭ് പന്ത് (1), മുഹമ്മദ് ഷമി (6), ഇഷാന്ത് ശര്‍മ (2), രവീന്ദ്ര ജഡേജ (30), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു ഇന്നു നഷ്ടമായത്. രോഹിത് ശര്‍മയും (59) കെഎല്‍ രാഹുലും (8) മൂന്നാംദിനം തന്നെ മടങ്ങിയിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത പേസര്‍ ഓലി റോബിന്‍സണാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നു വിക്കറ്റെടുത്ത ക്രെയ്ഗ് ഒവേര്‍ട്ടന്‍ മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.