ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ഡല്‍ഹിപൊലീസ്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ മൂന്നുമാസം മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് നടപടി. പൊലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു.
പ്രിന്‍സ് രാജ് പാസ്വാന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടും കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്. വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
'മെയ് മാസത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയ ഞങ്ങള്‍ നടപടിയുണ്ടാകാതയപ്പോള്‍ ജൂലൈയില്‍ ഡല്‍ഹി കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയില്‍ പ്രിന്‍സ് രാജ് എംപി, ചിരാഗ് പാസ്വാന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.'-പരാതിക്കാരിയുടെ അഭിഭാഷക പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇപ്രകാരമാണ്: ഒരു വര്‍ഷം മുമ്പാണ് ആദ്യമായി പാര്‍ട്ടി ഓഫീസില്‍ വെച്ച് എംപിയെ കാണുന്നത്. പിന്നീട് പല തവണ ഓഫീസില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു ദിവസം, ദാഹിച്ചപ്പോള്‍ വെള്ളത്തിനായി ഞാന്‍ മേശയില്‍ നിന്ന് ഒരു കുപ്പി എടുത്തു, പക്ഷേ ആ വെള്ളം കുടിക്കുന്നത് തടഞ്ഞ എംപി അകത്തു നിന്ന് മറ്റൊരു കുപ്പി തരാമെന്ന് പറഞ്ഞു. ആ വെള്ളം കുടിച്ചതോടെ ഞാന്‍ അബോധാവസ്ഥയിലാകുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് താന്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പ്രിന്‍സ് പാസ്വാന്റെ പ്രതികരണം. പെണ്‍കുട്ടി തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിന്‍സ് പ്രതികരിച്ചു.