കോട്ടയം: പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ്. ജോസഫ്'സ് സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ചിംഗും സ്കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വില്ല സ്പീച്ച് വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനപരിപാടികളുടെ ആദ്യ ബാച്ചിന്റെ കോണ്‍വക്കേഷനും സെപ്റ്റംബര്‍ 25ന് പി. ബി. നൂഹ് ഐഎഎസ് നിര്‍വഹിക്കും.
തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി പൊതു സമൂഹത്തിന് സന്തോഷം പകരാന്‍ കഴിയുന്ന വിധത്തില്‍ കുട്ടികള്‍ക്ക് വിവിധ പരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് സ്കൂള്‍ റേഡിയോ. ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെയും വൈകുന്നേരവും ആയിരിക്കും റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പികുന്നത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന റേഡിയോ പരിപാടികള്‍ ആസ്വദിക്കുന്നതിന് 'റേഡിയോ ബെല്‍ മൗണ്ട് ' ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്താല്‍ മതിയാവും.
ഇന്ന് എയ്ഡഡ് സ്കൂള്‍ മേഖലയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളിയാണ് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യക്കുറവ്. അതിനു പരിഹാരമായാണ് മണിയംകുന്ന് സ്കൂള്‍ പ്രത്യേക ഇംഗ്ലീഷ് പരിശീലന കോഴ്സ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. പതിനാറു പേര്‍ വീതമുള്ള ബാച്ചുകളായാണ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കുന്നത്. ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടികളുമാണ് അടുത്ത ദിവസം നടക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് സി. സൗമ്യ അറിയിച്ചു.