ഷാര്‍ജ: ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി ആദിത്യനാഥിന്റെ പഴയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം.
'ആരാണിയാള്‍? എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്,' രാജകുമാരി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
യുഎഇ രാജകുമാരിയുടെ പരാമര്‍ശം വൈറലായിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണ് യോഗി സര്‍ക്കാര്‍.
യു.എ.ഇ രാജകുടുംബാംഗമായ ഖാസിമി ഷാര്‍ജയിലാണ് ജനിച്ച് വളര്‍ന്നത്. പിതാവ് ഡോക്ടറാണ്. മാതാവ് യു.എ.ഇയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലും.
ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി, യു.എ.ഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്.
അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ ഇവര്‍ യു.എ.ഇയിലെ പ്രശസ്ത ഫാഷന്‍-ലൈഫ് സ്‌റ്റൈല്‍ മാഗസിനായ 'വെല്‍വെറ്റ്' ചീഫ് എഡിറ്ററാണ്. ദുബായ് ഫാഷന്‍ വീക്കിന്റെ അമരക്കാരിലൊരാള്‍ കൂടിയായ ഖാസിമി 'The Black Book of Arabia' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാമ്പയിന്‍ പോലെ ഇത് ഏറ്റെടുക്കുകയും മുസ്ലിം വിരുദ്ധ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.