കൊച്ചി: പുരാവസ്തു ശേഖരത്തിന്റെ മറവിലുള്ള കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ അടുപ്പം രാഷ്ട്രീയ -സിനിമാ -പോലീസ് രംഗത്തെ ഉന്നതരുമായി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. തനിക്ക് മോന്‍സണുമായി നേരിട്ട് ബന്ധമില്ലെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി. മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തല്‍ വിളക്ക്, ക്രിസ്തുവിന്റെ വെള്ളി നാണയങ്ങള്‍, ഈസയുടെ അംശവടി എന്നീ പുരാവസ്തുക്കല്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മോന്‍സന്റെ തട്ടിപ്പുകള്‍.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ ഇരുപത്തിയഞ്ച് കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് പത്തു കോടി തട്ടിയെടുത്ത കേസില്‍ ചേര്‍ത്തല വല്ലിയില്‍ വീട്ടില്‍ മോന്‍സന്‍ മാവുങ്കലിനെ (52) കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരികയാണ്.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത് എന്നാണ് പരാതി. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖകള്‍ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൌണ്ടും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കലൂരിലാണ് ഇയാളുടെ പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മാധ്യമങ്ങളെയും യുട്യൂബ് ചാനലുകളെയും ഇയാള്‍ തന്റെ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. 2019ല്‍ ഒരു ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ഇയാളെ 'അത്ഭൂതങ്ങളുടെ സൂക്ഷിപ്പുകാരന്‍' എന്ന് വിശേഷിപ്പിച്ചാണ് ലേഖനം വന്നത്. പുരാവസ്തുക്കളുടെ മാര്‍ക്കറ്റിംഗിനായി സിനിമാ താരങ്ങളടക്കമുള്ളവരുമായി ഇയാള്‍ സൗഹൃദം ഉണ്ടാക്കിയിരുന്നു.
തനിക്ക് തരാനുള്ള പണവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചത് കെ സുധാകരന്‍ നേരിട്ടായിരുന്നു എന്നാണ് പരാതിക്കാരന്‍ ഷമീറിന്റെ വെളിപ്പെടുത്തല്‍. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാനെന്ന വ്യാജേന 25 ലക്ഷം രൂപ താന്‍ നല്‍കിയത് സുധാകരന്റെ ഉറപ്പിന്മേലാണെന്നും ഷമീര്‍ വാര്‍ത്താ ചാനലിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2018 നവംബറില്‍ മോന്‍സന്റെ കലൂരിലെ വീടില്‍ വെച്ചായിരുന്നു സുധാകരനുമായുള്ള കൂടിക്കാഴ്ച. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാന്‍ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയെ ഇടപെടുത്തിക്കാമെന്ന് സുധാകരന്‍ തങ്ങല്‍ക്ക് ഉറപ്പു നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. ഹൈബി ഈഡനുമായും മോന്‍സണ് അടുത്ത ബന്ധമുണ്ടെന്ന് ഷമീര്‍ വ്യക്തമാക്കി. സുധാകരനെ കോസ്‌മോളജിസ്റ്റ് എന്ന പേരില്‍ മോന്‍സന്‍ ചികിത്സിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. സുധാകരന്‍ പത്ത് ദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചായിരുന്നു ചികിത്സ.
എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഡോക്ടര്‍ മോന്‍സണുമായി ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടില്‍ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഒരു ഡോക്ടല്‍ എന്ന നിലക്കാണ് കാണാന്‍ പോയത്. അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിലെ പുരാവസ്തുക്കള്‍ കണ്ടത് എന്നും സുധാകരന്‍ പറയുന്നു.
അറസ്റ്റിനു തൊട്ടുമുന്‍പ് ഐ.ജി ജി.ലക്ഷമണ, ചേര്‍ത്തല സി.ഐ ശ്രീകുമാര്‍ തുടങ്ങിയവര്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന് അറസ്റ്റിനു വരെ ഇവര്‍ ഇടപെട്ട് താമസമുണ്ടായി. എസിപി ലാല്‍ജി, മുന്‍ നോര്‍ത്ത് സി.ഐ അനന്തലാല്‍, കുത്തിയതോട് സി.ഐ മനോജ് എന്നിവരെല്ലാം മോന്‍സനെ സഹായിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു.
നല്‍കുന്ന പരാതികളെല്ലാം പോലീസ് ഇടപെട്ട് ഒതുക്കിയിരുന്നു. സോഷ്യല്‍ പോലീസ് ചുമതലയുള്ള ഐ.ജി ജി.ലക്ഷ്മണയാണ് നിയമവിരുദ്ധമായി ഉത്തരവിറക്കി അന്വേഷണങ്ങള്‍ അട്ടിമറിച്ചത്. ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് ഏബ്രഹവും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. ലോകോത്തര മ്യൂസിയം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പോലീസുകാര്‍ ഇവരെ എത്തിച്ചതെന്നാണ് കരുതുന്നതെന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു.
ബെഹ്‌റ സന്ദര്‍ശനം കഴിഞ്ഞ് പോയ ഉടന്‍ ഇയാള്‍ മ്യൂസിയത്തിന് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി. ഇത് പ്രകാരം അന്വേഷണം നടത്തിയ ചേര്‍ത്തല സി.ഐ ശ്രീകുമാറും എസിപി ലാല്‍ജിയുമാണ് മ്യുസിയത്തില്‍ അമൂല്യ പുരാവസ്തുക്കള്‍ ഉണ്ടെന്നും സുരക്ഷ നല്‍കണമെന്നും കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ ഇയാളുടെ വീടിനും മ്യുസിയത്തിനും ലോക്കല്‍ പോലീസ് സംരക്ഷണം നല്‍കിയെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
2019 പത്തനംതിട്ട സ്വദേശി ശ്രീവത്സം പിള്ളയുടെ ആറരക്കോടി തട്ടിയെടുത്ത പരാതി ലക്ഷ്മണ ഒതുക്കിയതോടെയാണ് തങ്ങള്‍ ആറു പേര്‍ ചേര്‍ന്ന് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലായില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം മോന്‍സനെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും പിടികൂടുന്നത്.
ലോകോത്തര നിലവാരമുള്ള മ്യുസിയം കേരളത്തില്‍ തുടങ്ങുമെന്നും അതില്‍ പങ്കാളികളാക്കാമെന്നും പറഞ്ഞായിരുന്നു എല്ലാവരേയും ഇയാള്‍ തട്ടിപ്പിന് സമീപിച്ചത്. വിദേശത്തുള്ള പുരാവസ്തു മ്യൂസിയത്തില്‍ പങ്കാളിത്തം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം നാട്ടിലെത്തിക്കാനുള്ള നീക്കുപോക്കിനെന്ന പേരിലാണ് കൂടുതല്‍ പേരെയും ഇയാള്‍ പറ്റിച്ചത്. ഇയാള്‍ അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.