12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി 300 കിലോമീറ്റര്‍ ദൂരം പോയിരുന്ന 23കാരി ഡെലീഷ്യയ്ക്ക് ഇനി ദുബായ് നിരത്തിലെ കൂറ്റന്‍ ട്രെയിലര്‍ ഓടിക്കാം. 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍ ഓടിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23കാരിയുടെ വാര്‍ത്ത വൈറലായതോടെയാണ് ഈ അവസരം കൈവന്നിരിക്കുന്നത്. തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയാണ് ഡെലീഷ്യ.
ഡെലീഷ്യയുടെ പിതാവായ ഡേവിസ് ടാങ്കര്‍ ലോറി ഡ്രൈവറാണ്. അച്ഛന്റെ കൂടെ നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് സീറ്റിലേക്കെത്തിച്ചത്. തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. കേരളത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഡെലീഷ്യക്കു മാത്രമാണ്.
കഴിഞ്ഞ ദിവസമാണ് പുതിയ അവസരം അറിയിച്ചുള്ള കോള്‍ ഡെലീഷ്യയെ തേടിയെത്തിയത്. ഇതിനുപിന്നാലെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഡെലീഷ്യ ദുബായിയിലേക്ക് പറന്നു.
രണ്ട് വര്‍ഷം നീണ്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പെണ്‍കുട്ടി ദുബായിയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹെവി ലൈസന്‍സും മറ്റുമുള്ള ഡെലീഷ്യയ്ക്ക് ദുബായി ലൈസന്‍സ് കമ്പനി തന്നെ എടുത്ത് നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്.