Don't Miss

അനുപമയുടെ കുഞ്ഞെവിടെ? ഒളിച്ചുകളിക്കു പിന്നില്‍...

തിരുവനന്തപുരം : ഒരമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ കുഞ്ഞിനെ ദത്തു കൊടുക്കുക. അതിനു പാര്‍ട്ടി സംവിധാനവും അധികാരവും ഉപയോഗിക്കുക.. കുഞ്ഞിനായുള്ള അമ്മയുടെ ഓട്ടം തുടരുക.... ഇതൊക്കെ ഉത്തരേന്ത്യയിലല്ല പ്രബുദ്ധ കേരളത്തില്‍ നടക്കുന്നതാണ്.തിരുവനന്തപുരം സ്വദേശിനിയായ അനുപമ ചന്ദ്രന്റെ കുഞ്ഞിനെയാണ് അവരറിയാതെ മാറ്റിയത്. പരാതിയുമായി മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ളവരുടെ മുന്നിലെത്തിയിട്ടും അലിവുണ്ടായില്ല. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇതിന്റെ ഗൗരവം പുറത്തറിയുന്നത്.

അജിത്തും അനുപമയും സ്‌നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പോലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം. നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത്, അനുപമയ്ക്ക് കുട്ടിയുണ്ടായശേഷം ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം ഇവരെ വിവാഹം ചെയ്യുകയായിരുന്നു.

അനുപമയ്ക്കും അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ് എസ്എഫ്ഐ മുന്‍ നേതാവായ അനുപമയുടെ പരാതി. അനുപമയുടെ അച്ഛനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതിയുള്ളത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്റെ കുഞ്ഞിനെ നശിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിട്ടുണ്ട്.

സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുകൊടുത്ത കേസില്‍ വകുപ്പ് തല അന്വേഷണം നടത്തുമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. വനിത ശിശുക്ഷേമ സമിതിക്കാണ് നിലവില്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ അനുപമയ്ക്ക് നീതി ഉറപ്പാക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ നടത്തും. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. അമ്മയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുക എന്നത് അവകാശമാണ്. അനുപമ ആരോപിക്കുന്ന കാലയളവില്‍ രണ്ട് കുട്ടികളെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരു കുട്ടിയെ ദത്ത് നല്‍കി കഴിഞ്ഞു. എന്നാല്‍ മറ്റേ കുട്ടിയുടെ ഡിഎന്‍എ പരിശോധിച്ചെങ്കിലും അത് അനുപമയുടേത് അല്ലെന്ന് തെളിഞ്ഞു. കുട്ടിയെ അമ്മയ്ക്കൊപ്പം വിടണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. വിഷയം കോടതിയിലേക്ക് പോയാല്‍ അമ്മയ്ക്ക് പിന്തുണ നല്‍കുന്ന നിലപാട് സ്വീകരിക്കുമെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

അതിനിടെ, അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിഷയത്തില്‍ പ്രതികരിച്ചു. ഇത്തരം പരാതി വന്നതിന് പിന്നാലെ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അനുപമയുടെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു. എന്നാല്‍ അനുപമയുടെ പേരില്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. അതിനാല്‍ മകനെ വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോട് പറഞ്ഞതായും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് മുന്നോട്ട് പോകണം. കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. പോലീസിനോട് ഇന്നത് ചെയ്യണമെന്നോ ചെയ്യേണ്ടന്നോ പറയാന്‍ ഞങ്ങളാരും പോയിട്ടില്ല. അനുപമയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി ഇടപ്പെട്ട് പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. പാര്‍ട്ടി ഇടപ്പെട്ട് കുഞ്ഞിനെ വാങ്ങിച്ച് കൊടുക്കുക എന്നത് സാധ്യമേ അല്ല. അതിനാല്‍ കേസില്‍ നിയമപരമായി നീങ്ങുന്നതാണ് തല്ലതെന്നാണ് തീരുമാനം.

അതേസമയം, തന്റെ അനുമതിയോട് കൂടിയല്ലേ കുഞ്ഞിനെ കൊടുക്കുന്നത്. പിന്നെ എന്തിനാണ് അന്വേഷിച്ചുവരുന്നതെന്നാണ് ആനാവൂര്‍ നാഗപ്പന്‍ ഇതുമായി ബന്ധപ്പെട്ട് തന്നോട് പ്രതികരിച്ചതെന്നാണ് അനുപമ അറിയിച്ചു. വിഷയം വിവാദമാകുകയും ദേശീയ ശ്രദ്ധ നേടുകയും മറ്റു രാഷ്ട്രീയ കക്ഷികളും സംഘടനകളും അനുപമയ്‌ക്ക് വേണ്ടി രംഗത്തിറങ്ങിയതോടെയാണ് വിഷയത്തില്‍ സിപിഎം നിലപാട് മയപ്പെട്ടത്. ദത്തു കൊടുത്ത കുഞ്ഞിന്റെ കാര്യത്തില്‍ വലിയ മൗനമാണ് അധികൃതര്‍ ആദ്യം മുതലേ പുലര്‍ത്തിയിരുന്നത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions