പാലക്കാട്: കേരള പോലീസിന് വലിയ തലവേദനയായ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലയിലെ പ്രതിയെ 5 വര്‍ഷത്തിനുശേഷം പോലീസ് തന്ത്രപൂര്‍വം പിടികൂടി. ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയല്‍വാസിയായിരുന്ന പ്രതി ചെന്നൈയില്‍ ചായക്കട നടത്തിവരികയായിരുന്നു.
കേസിന്റെ തുടക്കത്തില്‍ സംശയിച്ചിരുന്നവരുടെ പട്ടികയിലില്ലാതിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവര്‍ഷമായി നടത്തിയ നിരന്തര പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.
2016 ജനുവരി 15 നാണ് കടമമ്പഴിപ്പുറം കണ്ണുകുറിശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണന്‍ (62),‚ ഭാര്യ തങ്കമണി (52) എന്നിവര്‍ വീട്ടിലെ കിടപ്പുമുറിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. റബ്ബര്‍ത്തോട്ടത്തിനകത്തെ ഒറ്റപ്പെട്ട വീടിന്റെ ഓടുപൊളിച്ച് അകത്തിറങ്ങിയശേഷം ഉറങ്ങിക്കിടന്നിരുന്ന ദമ്പതിമാരെ നിരവധിതവണ വെട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. തങ്കമണി ധരിച്ചിരുന്ന ആറരപ്പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും മോഷ്ടിക്കയും ചെയ്തു. തുടക്കത്തില്‍ ലോക്കല്‍പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാതായതോടെ നാട്ടുകാരുടെ സമരസമിതി രൂപവത്കരിച്ച് നടത്തിയ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ 2017 മാര്‍ച്ചിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
കൊല്ലപ്പെട്ട ദമ്പതിമാരുടെ മക്കളുടെ ആവശ്യപ്രകാരം 2019-ല്‍ അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. തുടര്‍ന്നാണ് തുടക്കത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍പ്പോലുമില്ലാതിരുന്ന പ്രതി പിടിയിലാകുന്നത്. 20-ന് ചെന്നൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം 27-ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാന്‍ പ്രതിയോട് നിര്‍ദേശിക്കയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.