ചെന്നൈ: പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരുകയാണ്. അടുത്ത ഏതാനും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സമയങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ് ഒരു വനിതാ എസ്.ഐ. പ്രളയത്തിലകപ്പെട്ട ടി.പി ഛത്രം സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്നയാളെ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേശ്വരി തോളില്‍ കിടത്തി ഓടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. കനത്ത മഴ വകവയ്ക്കാതെ അബോധാവസ്ഥയില്‍ കിടന്നയാളെ ചുമലിലേറ്റി, മറ്റുള്ളവരോട് ആശുപത്രിയിലെത്താനുള്ള സൗകര്യം റെഡിയാക്കാന്‍ അലറി പറയുകയാണ് രാജേശ്വരി. ഉദയ്കുമാര്‍ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത്.
പൊലീസ് ഇന്‍സ്പെക്ടര്‍ യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതായിരുന്നു രാജേശ്വരിയും സംഘവും. പ്രദേശത്തെ സെമിത്തേരിയ്ക്ക് അടുത്ത് എത്തിയപ്പോഴാണ് ഒരാള്‍ കുഴഞ്ഞ് വീണ് കിടക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ജീവനുണ്ട് എന്ന് മനസ്സിലാക്കിയതോടെ വളരെ പെട്ടെന്ന് തന്നെ അയാളെ രാജേശ്വരി തോളത്ത് എടുത്ത് ഓട്ടോ റിക്ഷയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് കില്‍പൗക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഉദയ് കുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിക്ക് നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. നിരവധി പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. കേവലം കാമറയ്ക്കു വേണ്ടിയുള്ള കസര്‍ത്തല്ല , ഒരു ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളവും ധീരതയുമാണ് രാജേശ്വരിയുടെ പ്രവൃത്തിയിലൂടെ വ്യക്തമാവുന്നത്.
തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്നതും പങ്കുപറ്റുന്നതും, പാവങ്ങളെ കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു ഇടിക്കുന്നതുമല്ല യഥാര്‍ത്ഥ പോലീസുകാരുടെ കര്‍മ്മം എന്ന് മനസിലാക്കി കൊടുക്കുകയാണ് കാക്കിയുടെ വിലയറിയാവുന്ന ഈ ധീര.
ശക്തമായ മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് വിമാനത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നീരീക്ഷകര്‍ വ്യക്തമാക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ ആരും വീടുവിട്ട് പുറത്തുപോകരുതെന്ന് ഗ്രേറ്റര്‍ ചെന്നൈ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.