അഹമ്മദാബാദ്: കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തിനെതിരെ നാട്ടിലെ വഴിതടയലും വണ്ടി തകര്‍ക്കലുമൊക്കെയായി പേരുദോഷം കേള്‍പ്പിക്കുമ്പോള്‍ ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ മാതൃകാപരമായ പ്രവൃത്തിയിലൂടെ കൈയടി നേടി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെയുടെ, ഹിന്ദു സേന സ്ഥാപിച്ച പ്രതിമ ഇടിച്ചും എറിഞ്ഞും തകര്‍ത്തു തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം.
ഗോഡ്സെയെ തൂക്കികൊന്നതിന്റെ 72–ാം വര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ജാംനഗറിലെ ഹനുമാന്‍ ആശ്രമത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജാംനഗര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകൊണ്ട് പ്രതിമ തകര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ജാംനഗറില്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള വിവാദ തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്ഥലം കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുമതി നല്‍കാതിരുന്ന പശ്ചാത്തലത്തിലാണ് ഹനുമാന്‍ ആശ്രമത്തില്‍ പ്രതിമ സ്ഥാപിച്ചത്. 'നാഥുറാം ഗോഡ്‌സെ അമര്‍ രഹേ' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിമയുടെ അനാശ്ചാതനം.
ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചായിരുന്നു പ്രതിമ നിര്‍മ്മിച്ചത്. ഇന്നലെ സ്ഥാപിച്ച പ്രതിമയെക്കുറിച്ച് വിവരം ലഭിച്ച് ചൊവ്വാഴ്ച സ്ഥലത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനും പ്രവര്‍ത്തകരും പാറക്കല്ലും മറ്റുമുപയോഗിച്ച് പ്രതിമയുടെ മുഖം അടിച്ചു തകര്‍ത്തു. താഴെ വീണ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഇതിന്റെ വീഡിയോ വൈറലാണ്.
അതേസമയം, ഗോഡ്‌സെയെയും നാരായണ്‍ ആപ്‌തെയെയും വധിച്ച അംബാല ജയിലില്‍ എത്തിച്ച മണ്ണ് ഉപയോഗിച്ച് ഗോഡ്‌സെയുടെയും ആപ്‌തെയുടെയും പ്രതിമകള്‍ നിര്‍മ്മിക്കുമെന്നും ഗ്വാളിയോറിലെ മഹാസഭയുടെ ഓഫീസില്‍ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭയും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 1949 നവംബര്‍ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്.