തിരുവനന്തപുരം: മുന്‍മിസ് കേരളാ വിജയികളായ കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അടിമുടി ദുരൂഹത തുടരവേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ല. ഇതുസംഭവിച്ച് പിന്നീട് കൂടുതല്‍ വെളിപ്പെടുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെത്തണം. ഹോട്ടലില്‍ തലേദിവസം ചില പ്രശ്നങ്ങള്‍ ഉണ്ടായതായാണ് വിവരം ലഭിച്ചതെന്നും സതീശന്‍ പറഞ്ഞു .
അതേസമയം, അപകടത്തിലും ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഇല്ലെന്നാണ് വിവരം. റോയ് നശിപ്പിച്ചെന്നു ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണമാണ് പൊലീസിന് ഇന്നലെ കൈമാറിയത്. ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായാണ് സംശയം. റോയ് വയലാട്ടിനെ പൊലീസ് ഇന്ന് വീണ്ടും ചെയ്യുകയാണ്. ഇയാള്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിന് കേസെടുത്തേക്കും.
പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്നാണു വിവരം. അപകടത്തിനു പിറ്റേന്നു തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയാണ് പോലീസ് നിഗമനം. ഇന്നലെ റെയ്ഡിനെത്തിയപ്പോള്‍ കംപ്യൂട്ടറിന്റെ പാസ് വേര്‍ഡ് അറിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്നാണ് ഇന്ന് കംപ്യൂട്ടര്‍ വിദഗ്ധരുമായി പോലീസ് എത്തിയത്. ദൃശ്യങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് അപ്രത്യക്ഷമാണെന്ന് സംഘം കണ്ടെത്തി. അപകടസമയത്തു വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിനു ശേഷം നടത്തിയ രക്തപരിശോധനയില്‍ ഇയാള്‍ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഡിജെ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗം നടന്നെന്ന് പോലീസിനു വ്യക്തമായ സൂചന ലഭിച്ചതായാണു സൂചന. ഇതേത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ചോ എന്നറിയാനാണ് പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പോലീസ തേടിയത്. അപകടത്തിനു പിന്നാലെ ഈ ഹോട്ടലിലെ ബാര്‍ ലൈസന്‍സ് എക്സൈസ് റദ്ദാക്കിയിരുന്നു. ഇതിനു നാലു ദിവസം മുന്‍പ് ലഹരിമരുന്ന് ഉപയോഗം നടന്നെന്ന വിവരത്തെ തുടര്‍ന്നും ഹോട്ടലില്‍ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു.
ഡിജെ പാര്‍ട്ടി കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചായിരുന്നു അപകടം. 2019 ലെ മിസ് കേരള അന്‍സി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് ആഷിഖ് പിന്നീടാണ് മരിച്ചത്.
ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാറോടിച്ചിരുന്ന സൈജു അപകട ശേഷം ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. അപകടത്തിന് ശേഷം സൈജു റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് അവരെ പിന്തുടര്‍ന്നതെന്നുമാണ് സൈജു പൊലീസിന് കൊടുത്ത മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇതിനിടയില്‍ ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഹോട്ടല്‍ മുതല്‍ ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായി കണ്ടെത്തിയത്.