തിരുവനന്തപുരം: പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ അനുപമക്ക് ഒടുവില്‍ കുഞ്ഞിനെ കൈമാറി. ഇന്ന് വൈകിട്ട് കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ചാണ് കുഞ്ഞിനെ നല്‍കിയത്. എട്ടുമാസത്തെ സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ക്ക് ശേഷം ആണ് കുഞ്ഞ് യഥാര്‍ത്ഥ അമ്മയുടെ കൈകളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡിഎന്‍എ പരിശോധനാ ഫലവും വകുപ്പുതല അന്വേഷണവും അടങ്ങുന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി കേസ് പരിഗണിക്കുകയും കുഞ്ഞിനെ പെട്ടെന്ന് തന്നെ അനുപമയ്ക്കും പങ്കാളി അജിത്തിനും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിച്ച് കുഞ്ഞിന്‍റെ വൈദ്യ പരിശോധന നടത്തി. പിന്നീട് അനുപമയെ ചേംബറിലേക്ക് വിളിപ്പിച്ചു. അതിനുശേഷം ഓപ്പണ്‍ കോടതി ചേര്‍ന്നാണ് കുഞ്ഞിനെ വിട്ട് നല്‍കിയത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികളില്‍ നിന്നും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിക്കുകയും ഡിഎന്‍എ പരിശോധന നടത്തുകയുമായിരുന്നു. ഇതില്‍ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേയുമാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയും സംഭവത്തിലെ വകുപ്പുതല റിപ്പോര്‍ട്ട് അടക്കം ഇത് രാവിലെ കോടതിയില്‍ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് ഇന്ന് തന്നെ പരിഗണിക്കാന്‍ കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ അനുപമയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ച കോടതി കുഞ്ഞിനെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരുന്ന നിര്‍മ്മല ശിശുഭവനില്‍ നിന്നും കോടതിയില്‍ എത്തിക്കുകുയും നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുകയായിരുന്നു. കേസ് ഇതിന് മുമ്പ് 30ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ അമ്മയുടെ വികാരം മുന്‍ നിര്‍ത്തി കോടതി കേസ് പെട്ടന്ന് പരിഗണിക്കുകയായിരുന്നു. സമരപ്പന്തലില്‍ നിന്നാണ് അനുപമയും അജിത്തും കോടതിയിലേക്ക് എത്തിയത്.
അതേസമയം കുഞ്ഞിനെ അനുപമയ്ക്ക് വിട്ട് നല്‍കിയതോടെ ഇതോടെ സിഡബ്ല്യൂസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്‌ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദായി. കുഞ്ഞ് അനുപമയും പങ്കാളി അജിത്തിന്റേതും ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ സാധ്യത ഇല്ലാതായി. അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായതായും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദികള്‍ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും ആണെന്ന് വ്യക്തമാക്കുന്നതാണ് ടിവി അനുപമയുടെ റിപ്പോര്‍ട്ട്.
2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമ സമിതിയില്‍ എത്തുന്നത്. ഓഗസ്റ്റ് ഏഴിനാണ് കുഞ്ഞിനെ ദത്ത് നല്‍കുന്നത്. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ മുന്നിലും എത്തി. ഈ തെളിവുകളെല്ലാം അധികൃതര്‍ നശിപ്പിച്ചു. ദത്ത് കൊടുത്തതിന്റെ നാലാംനാള്‍ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ല്യൂസി ഉത്തരവുമായി ശിശുക്ഷേമസമിതിയില്‍ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാന്‍ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയില്‍ ദത്ത് സ്ഥിരപ്പെടുത്താന്‍ സമിതി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്ല്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിങ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പോലീസിനെ അറിയിക്കാനോ സിഡബ്ല്യൂസി തയ്യാറായില്ല. ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലീസിലും പരാതി നല്‍കി. നാല് മാസം കഴിഞ്ഞിട്ട് അവരും നടപടി കൈക്കൊണ്ടില്ല. അതേസമയം പോലീസില്‍ പരാതി നല്‍കിയിട്ടും ദത്ത് കൊടുക്കുന്നത് വരെ അനുപമ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്.
സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രന്റെ മകളാണ് അനുപമ എസ് ചന്ദ്രന്‍. അജിത്ത് എന്ന യുവാവുമായി അനുപമ പ്രണയത്തിലായിരുന്നു. അജിത്ത് വിവാഹിതനും ദളിത് ക്രിസ്ത്യനും ആയതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. പക്ഷെ അനുപമ ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. എന്നാല്‍ ലോക്ഡൗണ്‍ പ്രശ്‌നങ്ങള്‍ മൂലം ഇറങ്ങിപ്പോവാന്‍ പറ്റിയില്ല. തുടര്‍ന്ന് അനുപമ ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരറിഞ്ഞു. അജിത്തിനെ വിളിക്കുന്നത് വീട്ടുകാര്‍ വിലക്കി. ആശുപത്രിയില്‍ പോയപ്പോഴാണ് അജിത്തിനെ അനുപമ വിളിക്കുന്നത്. അനുപമയെ വിളിക്കാന്‍ വന്ന അജിത്തിനോട് സഹോദരിയുടെ വിവാഹത്തിനു ശേഷം ഒരുമിച്ച് ജീവിക്കാന്‍ വിടാം എന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ വേണ്ട എന്നു കരുതി അജിത്ത് മടങ്ങിപ്പോയി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. 2020 ഒക്ടോബര്‍ 19 ന് അനുപമ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.
പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരവെ കുഞ്ഞിനെ അനുപമയുടെ കൈയ്യില്‍ നിന്നും മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു. പ്രസവശേഷം അവശനിലയിലായതിനാല്‍ യുവതിക്ക് ഇത് എതിര്‍ക്കാന്‍ കഴിഞ്ഞില്ല. സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തരാമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ വാക്കുപാലിച്ചില്ല. ഇതോടെ അനുപമ അജിത്തിനൊപ്പം ഇറങ്ങിപ്പോയി. ഇതിനിടയില്‍ അജിത്ത് വിവാഹം മോചനം നേടുകയും ചെയ്തിരുന്നു. മാര്‍ച്ച് മാസം മുതല്‍ അജിത്തും അനുപമയും ഒന്നിച്ചു ജീവിച്ചു തുടങ്ങി.
തന്റെ കുഞ്ഞിനെ അച്ഛനും അമ്മയും വിട്ടു തരുന്നില്ലെന്ന് കാട്ടി സിപിഐഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നെന്ന് അനുപമ വെളിപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, വൃന്ദ കാരാട്ട്, പികെ ശ്രീമതി, പി സതീദേവി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയായ പി സതീദേവി ഇക്കാര്യം ശരിവെക്കുകയും ചെയ്തു. സിപിഎം നേതാക്കളുടെ അറിവോടെയും ഒത്താശയോടെയുമാണ് നിയമവിരുദ്ധമായ ദത്തു നടപടി നടന്നത് ഇക്കാര്യം പുറത്തായതോടെ സര്‍ക്കാര്‍ അനുപമയ്‌ക്ക് പിന്തുണ നല്‍കുകയായിരുന്നു.