ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വകാര്യ വസതിയായ പോയസ് ഗാര്‍ഡനിലെ വേദ നിലയം ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറിനും ജെ.ദീപകിനും കൈമാറി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ചെന്നൈ കളക്ടര്‍ വിജയറാണിയില്‍ നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പോയസ് ഗാർഡനിലെത്തി വേദനിലയം തുറന്നു.
എഐ എഡിഎംകെ സര്‍ക്കാര്‍ ജയലളിതയുടെ കുടുംബത്തോട് കൂടിയാലോചിക്കാതെ വീട് ഏറ്റെടുക്കുകയും കെട്ടിടം സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു. ബംഗ്ലാവ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദീപയും സഹോദരന്‍ ദീപക്കും സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ദീപയേയും ദീപകിനെയും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വേദനിലയം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി
നിയമപരമായ അവകാശികള്‍ക്ക് വിട്ടുനല്‍കാന്‍ നവംബര്‍ 24ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താക്കോല്‍ ദീപയ്ക്ക് കൈമാറിയത്. 'അമ്മായിയുടെ ( ജയലളിതയുടെ) അഭാവത്തില്‍ ഇതാദ്യമായാണ് ഈ വീട് ഞാന്‍ സന്ദര്‍ശിക്കുന്നത്. അവരുടെ അസാന്നിധ്യത്തില്‍ വീട് ഇപ്പോള്‍ ശൂന്യമായി കിടക്കുന്നു. അമ്മായി ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്തിട്ടുണ്ട്,' ദീപ പറഞ്ഞു, ഈ വീട്ടില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞത്. മദ്രാസ് ഹൈക്കോടതി സ്വത്ത് അവര്‍ക്കായിരിക്കണമെന്ന് വിധിക്കുകയും കുടുംബത്തിന് നല്‍കേണ്ട കോടതിയില്‍ നിക്ഷേപിച്ച നഷ്ടപരിഹാര തുക തിരികെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.