ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു കോടതി സമുച്ചയത്തിനുള്ളില്‍ നിന്നും പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയതായി വിവരമുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
സ്ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്‍.ഐ.എ സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതിനിടെ, സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി അപലപിച്ചു. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍ എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ പ്രതികരണം. മേഖലയില്‍ പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.