കൊച്ചി: പതിനേഴ് വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളി പോണേക്കര ഇരട്ടക്കൊലക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. 2004 മേയ് 30 ന് പോണേക്കരയില്‍ എഴുപത്തിനാലുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ബലാത്സംഗം ചെയ്യുകയും അവരുടെ സഹോദരിയുടെ മകനെ കൊല്ലുകയും ചെയ്ത കേസിലാണ് അറസ്റ്റ്. നിലവില്‍ മറ്റ് ആറ് കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജയാനന്ദന്‍ സഹതടവുകാരനോട് കൊലപാതകത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിന് വഴിവച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷാസെല്ലില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയവെയാണ് റിപ്പര്‍ ജയാനന്ദന്‍ സഹതടവുകാരനോട് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജയാനന്ദന്റെ ആക്രമണത്തിന് ഇരയായിട്ടുളളവര്‍ പ്രായമായ ആളുകളാണ്. കൊലപാതകത്തിന് പിന്നാലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കവര്‍ച്ച നടത്തുക എന്നതടക്കമാണ് ജയാനന്ദന്റെ രീതി. അതുകൊണ്ട് തന്നെ പോണേക്കര ഇരട്ടക്കൊലപാതകത്തിലും അന്വോഷണ ഉദ്യോഗസ്ഥര്‍ ആദ്യം മുതല്‍ക്കെ ജയാനന്ദനെ സംശയിച്ചിരുന്നു. നേരത്തെ ഇതേ കേസില്‍ ജയാനന്ദനെ പലവട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.
പോണേക്കരയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ തലയിലും മുഖത്തുമായി 12 മുറിവുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട ഇവരുടെ ബന്ധുവിന്റെ തലയ്ക്ക് പിന്നില്‍ മാത്രം ഒമ്പത് മുറിവും കണ്ടെത്തി. കൊലപാതകത്തിന് പുറമെ 44 പവന്‍ സ്വര്‍ണവും 15 ഗ്രാം വെളളിനാണയങ്ങളും ജയാനന്ദന്‍ കവര്‍ന്നിരുന്നു. സഹപ്രവര്‍ത്തകനോട് നടത്തിയ വെളിപ്പെടുത്തല്‍ കുടുക്കിയതോടെയാണ് ജയാനന്ദന്‍ അന്വോഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തിയത്.
2003 മുതല്‍ 2006 വരെയുളള കുറഞ്ഞ കാലയളവിലാണ് ജയാനന്ദന് എതിരെയുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ആറ് കേസുകളിലായി എട്ടുപേരെയാണ് ജയാനന്ദന്‍ കൊലപ്പെടുത്തിയത്. മൂന്ന് തവണ തടവുചാടിയ ജയാനന്ദന്‍ എല്ലാ കേസുകളിലുമായി ഒരുമിച്ചുളള ജീവപര്യന്തം തടവിലാണ്.