ലണ്ടന്‍ : രാജ്യത്തു ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്കില്‍ മാറ്റം ഉണ്ടാവും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനി പോളിസി പുതുക്കുന്നവര്‍ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്സിഎ) നിയന്ത്രണങ്ങള്‍ പ്രകാരം അധിക പണം നല്‍കേണ്ടി വരില്ല. അതായത് സ്ഥിരമായി പോളിസി മാറുന്നവര്‍ക്ക് നിരക്ക് കൂടും. അതേസമയം ദീര്‍ഘകാല ഉപഭോക്താക്കള്‍ക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ 4.2 ബില്യണ്‍ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്സിഎ പറയുന്നു.
ഒരു ഉപഭോക്താവില്‍ നിന്ന് വര്‍ഷാവര്‍ഷം കൂടുതല്‍ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇന്‍ഷുറന്‍സിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വര്‍ഷത്തേക്ക് 130 പൗണ്ട് ആണ് അടയ്ക്കേണ്ടി വരികയെന്ന് എഫ്സിഎ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അതേ പോളിസിക്ക്, ഒരേ ഇന്‍ഷുറര്‍ക്കൊപ്പം അഞ്ച് വര്‍ഷം നിന്നവരുടെ വാര്‍ഷിക പ്രീമിയം 238 പൗണ്ട് ആയി ഉയര്‍ന്നു. മോട്ടോര്‍ ഇന്‍ഷുറന്‍സിനായി, പുതിയ ഉപഭോക്താക്കള്‍ 285 പൗണ്ട് അടച്ചപ്പോള്‍ അഞ്ച് വര്‍ഷത്തിലേറെയായി ഒരേ ഇന്‍ഷുറര്‍ക്കൊപ്പം നിന്ന ആളുകള്‍ 370 പൗണ്ട് നല്‍കി.
വീട്, മോട്ടോര്‍ ഇന്‍ഷുറന്‍സ് എന്നിവയിലുള്ള 100 ലക്ഷം പോളിസികള്‍, ദാതാവിനൊപ്പം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ആളുകളാണ് കൈവശം വച്ചിരിക്കുന്നത്. വീടും മോട്ടോര്‍ ഇന്‍ഷുറന്‍സും സംബന്ധിച്ച എഫ്സിഎയുടെ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുന്നതായി സിറ്റിസണ്‍സ് അഡൈ്വസിലെ പോളിസി ഡയറക്ടര്‍ മാത്യു അപ്ടണ്‍ പറഞ്ഞു.