കൊച്ചി: മദ്യ വര്‍ജ്ജനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞു ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു പൂട്ടിയ ബാറുകളെല്ലാം തുറന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ കൂടുതല്‍ വ്യാപിക്കാന്‍ ഒരുങ്ങുന്നു. 'മദ്യ വിരുദ്ധത അറബിക്കടലില്‍, നമുക്ക് കിട്ടണം പണം'. ലോക് ഡൗണ്‍ കാലത്തുപോലും അവശ്യ സര്‍വീസായി മദ്യ വിതരണം നടത്തേണ്ടിവന്നത് സര്‍ക്കാരിന്റെ ഗതികേടുകൊണ്ടാണ്. കേരളം ഓരോ ദിവസവും തള്ളി നീക്കുന്നത് മദ്യപരുടെ പോക്കറ്റടിച്ചാണ്. നികുതി അടിക്കടി കൂട്ടി അത് നിര്‍ബാധം തുടരുന്നു. ഇപ്പോഴിതാ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ തുക കേട്ടാല്‍ ആരും ഞെട്ടും. 5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം ആണ്. കൃത്യമായി പറഞ്ഞാല്‍ 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുള്ളത്.അപ്പീല്‍ നല്‍കിയ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ടാക്‌സ് കമ്മീഷണറേറ്റ് തയ്യാറായത്.
2016 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 942,25,4.386 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 422,38,6.768 ലിറ്റര്‍ ബിയറും 55,57.065 ലിറ്റര്‍ വൈനുമാണ് അഞ്ച് വര്‍ഷം കൊണ്ട് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.
കണക്കുകള്‍ പ്രകാരം പ്രതിമാസം മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചത് 766 കോടി രൂപയാണ്. ഒരുദിവസം ഏകദേശം 25.53 കോടി രൂപയോളം ലഭിക്കുന്നു.
2018-19ലും 2019-20ലുമാണ് മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് നികുതി വരുമാനം കൂടുതല്‍ ലഭിച്ചത്. 2018-19ല്‍ 96,15.54 കോടിയും 2019-20ല്‍ 103,32.29 കോടിയുമാണ് ലഭിച്ചത്. മദ്യവില്‍പനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി.
2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്‌കോ ലാഭമുണ്ടാക്കിയിട്ടുണ്ട്.
പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണമുണ്ടായത്. മദ്യത്തിന്റെ നിലവിലെ നികുതി പരിശോധിക്കുമ്പോള്‍. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈന്‍ 37 ശതമാനം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വൈന്‍ ഒഴിച്ചുള്ള മദ്യം 115 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത ബിയര്‍ 112 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം 247 ശതമാനം, കേയ്‌സിന് 400 രൂപയില്‍ കൂടുതലുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം 237 ശതമാനം എന്നിങ്ങനെയാണ്.
2011-12 4740.73 കോടി രൂപ, 2012-13 5391.48 രൂപ, 2013-14 5830.12 രൂപ, 2014-15 6685.84 രൂപ, 2015-16 8122.41 രൂപ, 2016-17 8571.49 രൂപയും, 2017-18 8869.96 രൂപയും, 2018-19 9615.54 രൂപ, 2019-20 10332.39 രൂപ, 2020-21 9156.75 കോടി രൂപ എന്നിങ്ങനെയുമാണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക്. മദ്യവില്‍പ്പനയിലെയും ഇന്ധന വില്‍പ്പനയിലെയും പിഴിച്ചില്‍ ഉള്ളതുകൊണ്ടാണ് കടമെടുത്താണെങ്കിലും കേരളത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്.