തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആളാണെന്നും പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കാനുള്ള തീരുമാനാത്തില്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മലയാളത്തില്‍ മറുപടിയുമായാണ് ഗവര്‍ണര്‍ രംഗത്തുവന്നത്. സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം എഴുതി തയാറാക്കി വച്ചിരുന്ന മലയാളത്തില്‍ വ്യക്തമാക്കി. എനിക്ക് അധികാരം തരാനല്ല, അധികാരം എന്നില്‍ നിന്ന് എടുത്ത് മാറ്റനാണ് പറയുന്നത്. എല്ലാത്തിനും ഒരു മര്യാദ വേണം. ചട്ടവും നിയമവും അറിയാത്തവരല്ല ഇവരൊക്കെ. എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. എനിക്ക് പലതും പറയാനുണ്ട്. എന്നാല്‍, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാല്‍ ഒന്നും പറയുന്നില്ല.
പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്) കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമല്ലോയെന്നായിരുന്നു പരിഹാസ സ്വരത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെയാണ് രാജാവെന്ന് ഗവര്‍ണര്‍ പരിഹസിച്ചത്.
തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണര്‍ രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താന്‍ വെളിപ്പെടുത്തില്ലെന്നും ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്.
വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും അത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു.
മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവര്‍ണര്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവര്‍ക്ക് അതില്‍ ലജ്ജ തോന്നണമെന്നും പറഞ്ഞു.
ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ഡി ലിറ്റ് നല്‍കണമെന്ന് വി. സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടതെന്നും വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കുമെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.
അതേസമയം, സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. പദവിയില്‍ തുടരാനാകാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
'എന്നെ ആര്‍ക്കും വിമര്‍ശിക്കാം. ഞാന്‍ സ്വയം വിമര്‍ശനം നടത്താറുള്ളൊരാളാണ്. സംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം,'ഗവര്‍ണര്‍ പറഞ്ഞു.
അസ്വാഭാവികമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലെ അംഗങ്ങളുമായ സംസാരിക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താത്പ്പര്യവുംം സമയവുമില്ലെന്നും അദ്ദേഹം മാധ്യ പ്രവര്‍ത്തകരോട് പറഞ്ഞു. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. ഡിലീറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.